

യുഎഇക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണം കൃത്യമായ ആസൂത്രണത്തോടെയെന്ന് യുഎഇ പ്രസിഡൻ്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ്. പെട്ടെന്നുണ്ടായ ആക്രമണമല്ല ഇറാന്റ ഭാഗത്ത് നിന്നുണ്ടായത്. ഇറാനുമായുള്ള ബന്ധം ഭാവിയില്‍ പുനസ്ഥാപിക്കപ്പെട്ടേക്കാമെങ്കിലും തകര്‍ന്നടിഞ്ഞ വിശ്വാസം വീണ്ടെടുക്കാന്‍ വളരെയധികം സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ജിസിസിയിലെ ഐക്യം സമീപകാലത്തെ താഴ്ന്ന നിലയിലേക്കെത്തിയെന്നും അറബ് ലീഗ് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും അന്‍വര്‍ ഗര്‍ഗാഷ് വിമര്‍ശിച്ചു.
ദുബായില്‍ നടന്ന ഗള്‍ഫ് ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ഫോറത്തില്‍ സംസാരിക്കവെയാണ് ഇറാനെതിരെ വീണ്ടും വിമാര്‍ശനവുമായി യുഎഇ പ്രസിഡൻ്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് രംഗത്ത് എത്തിയത്. യുഎഇക്ക് നേരെ ഇറാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയതിന് പിന്നില്‍ കൃത്യമായ ആസൂത്രണവും തീരുമാനവുമുണ്ടെന്നാണ് അദ്ദേഹം ചൂണ്ടികാട്ടുന്നത്. സമാധാനത്തിനായി ഗള്‍ഫ് മേഖലയുടെ സജീവ ശ്രമമുണ്ടായിട്ടും ഇറാന്‍ ആക്രമണം നടത്തിയത് ഇതിന്റെ തെളിവാണ്. മേഖലയില്‍ കാര്യമായ വഴിത്തിരിവാണ് ഈ ആക്രമണമെന്ന് പറഞ്ഞ ഗര്‍ഗാഷ് നേരത്തെയുണ്ടായിരുന്ന സമീപനങ്ങളും രീതികളും മാറുമെന്ന മുന്നറിയിപ്പുകൂടി നല്‍കി.
പരമ്പരാഗത രീതികളില്‍ ഇനി ഇറാന്റെ ഭീഷണികളെ നേരിടാനാവില്ലെന്നും അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു. പ്രതിസന്ധി നേരിടാനുള്ള യോജിച്ച ഇടപെടലുകളില്‍ ജിസിസിയിലെ ഐക്യം ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. അറബ് ലീഗ് നേതൃത്വം പ്രതീക്ഷയ്ക്കൊത്തു പ്രവര്‍ത്തിച്ചില്ല എന്നതാണ് മറ്റൊരു വിമര്‍ശനം. മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഇറാനോടുള്ള സമീപനം വൈകാരികതയ്ക്ക് പകരം തികച്ചും യുക്തിസഹമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയുടെ സ്ഥിരതയും പൊതുതാല്‍പര്യവും സംരക്ഷിക്കുന്നതില്‍ അമേരിക്കയുമായി ഉള്‍പ്പടെയുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രാധാന്യവും അന്‍വര്‍ ഗര്‍ഗാഷ് എടുത്തുപറഞ്ഞു.
Content Highlights: The UAE criticizes the planned Iran attack and says the Arab League did not rise to expectations in responding to the regional crisis.