യുഎഇയ്ക്ക് എതിരായ ഇറാൻ ആക്രമണം; വിദ്വേഷ പ്രചാരണം നടത്തിയ നിരവധി സോഷ്യൻ മീഡിയ അക്കൗണ്ടുകൾ പൂട്ടി

രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമിച്ചതിന്റെ പേരിലാണ് നടപടി

യുഎഇയ്ക്ക് എതിരായ ഇറാൻ ആക്രമണം; വിദ്വേഷ പ്രചാരണം നടത്തിയ നിരവധി സോഷ്യൻ മീഡിയ അക്കൗണ്ടുകൾ പൂട്ടി
dot image

യുഎഇക്ക് എതിരെ ഇറാന്റെ ആക്രമണമുണ്ടായ സമയങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയ നൂറിലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ചു. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമിച്ചതിന്റെ പേരിലാണ് നടപടി. ദുബായില്‍ നടന്ന ഗള്‍ഫ് ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഉച്ചകോടിയില്‍ യുഎഇ ഗവണ്‍മെന്റ് മീഡിയ ഓഫിസ് ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ബുത്തി അല്‍ ഹമദ് ആണ് സമൂഹ മാധ്യമങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയത്.

രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതയില്‍ പ്രവര്‍ത്തിച്ച അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്. വിവിധ രാജ്യക്കാരായ ആളുകളുടെ അക്കൗണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവച്ചിട്ടുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടിയെന്ന് മീഡിയ ഓഫിസ് ചെയര്‍മാന്‍ വ്യക്തമാക്കി. ഭരണകൂടങ്ങളെയും ചിഹ്നങ്ങളെയും മതങ്ങളെയും പൊതു മൂല്യങ്ങളെയും ബഹുമാനിക്കുമെന്ന് എല്ലാ പക്ഷവും ഉറപ്പുനല്‍കുന്നതാണ് വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള കരാര്‍.

ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ചെറിയ തര്‍ക്കങ്ങള്‍ ആഘോഷിക്കുന്നതിന് പകരം കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഈ മേഖല കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണമെന്നും അല്‍ ഹമദ് ആവശ്യപ്പെട്ടു. സംഘര്‍ഷങ്ങളുടെയും അസ്ഥിരതയുടെയും കഥകളല്ല, മറിച്ച് വികസനത്തിന്റെയും നൂതന ആശയങ്ങളുടെയും കഥകളാണ് ഗള്‍ഫിന് ലോകത്തോട് പറയാനുള്ളത്. എന്നാല്‍ ഈ വിജയഗാഥകള്‍ പലപ്പോഴും ശരിയായ രീതിയില്‍ ലോകത്തിന് മുന്നില്‍ എത്തിയിട്ടില്ലെന്നും അദേഹം ചൂണ്ടികാട്ടി.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകളും ഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നില്‍കിയിരുന്നു. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ച പ്രവാസികള്‍ ഉള്‍പ്പെടെയുളള നിരവധി ആളുകളാണ് ഇപ്പോള്‍ നിയമ നടപടി നേരിടുന്നത്. സമൂഹമാധ്യമങ്ങള്‍ സൂക്ഷമായി നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനവും രാജ്യത്ത് നിലവിലുണ്ട്.

Content Highlights: Iran attack against UAE: Several social media accounts spreading hate propaganda have been shut down as authorities act against misinformation and harmful online content.

dot image
To advertise here,contact us
dot image