

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി യുഎഇ. ഊര്‍ജം, ഗതാഗതം, റോഡുകള്‍, ജലം, നഗരവികസനം തുടങ്ങി വിവിധ മേഖലകളുടെ വികസനത്തിനായി മള്‍ട്ടി മില്ല്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതികളാണ് പുരോഗമിക്കുന്നത്. എല്ലാ മേഖലയുടെയും സമഗ്ര വികസനം ലക്ഷ്യമിട്ടുളള വന്‍ പദ്ധതിയാണ് യുഎഇ ഭരണകൂടം നടപ്പിലാക്കുന്നത്.
ഊര്‍ജ-ജല മേഖലയിലാണ് പ്രധാന ഊന്നല്‍. സര്‍ക്കാര്‍ കെട്ടിടങ്ങളിലെ ഊര്‍ജ്ജ-ജല ഉപഭോഗം കുറയ്ക്കുന്നതിനായി 120 മില്യണ്‍ ദിര്‍ഹം ചെലവില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെതാണ് രണ്ടാം ഘട്ടം. 3.3 ഗിഗാവാട്ട് ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പ്പാദന കേന്ദ്രവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
റാസല്‍ഖൈമയില്‍ പ്രതിദിനം 60,000 ക്യുബിക് മീറ്റര്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനുളള കരാറിലും ഒപ്പുവെച്ചു. മൂന്ന് ലക്ഷത്തോളം ജനങ്ങള്‍ക്ക് പ്രയോജം ലഭിക്കുന്നതാണ് ഈ ബ്രഹത് പദ്ധതി. ദുബായിലെ ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ രണ്ടാം ഘട്ടവും പദ്ധതിയുടെ ഭാഗമാണ്. ദുബായില്‍ 726 ആധുനിക ബസ് ഷെല്‍ട്ടറുകളും ട്രക്ക് വിശ്രമ കേന്ദ്രങ്ങളും സ്ഥാപിക്കും. മഴവെള്ള ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി തസ്രീഫ്' പദ്ധതിയുടെ രണ്ടാം ഘട്ടവും ഇതോടൊപ്പം നടപ്പിലാക്കും.
ഡ്രെയിനേജ് പദ്ധതിയുടെ 36 ശതമാനവും ഇതിനകം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 30 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, സിലിക്കണ്‍ ഒയാസിസ് എന്നിവിടങ്ങളിലും വന്‍ വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ഉമ്മുല്‍ ഖൈവൈനില്‍ 30.74 കിലോമീറ്റര്‍ ആന്തരിക റോഡുകളുടെ നിര്‍മാണവും അജ്മാനിലെ അല്‍ തല്ല റോഡ് വികസനവും പൂര്‍ത്തിയായി.
Content Highlights: United Arab Emirates is experiencing a surge in infrastructure development, with major projects advancing steadily across the country.