ഇനി അധികം വൈകില്ല, ദുബായിൽ പറക്കും ടാക്സിയിൽ സഞ്ചരിക്കാം; ഉടൻ സർവീസ് തുടങ്ങുമെന്ന് അധികൃതർ

ഡ്രൈവറില്ലാ ടാക്‌സികള്‍ക്ക് പിന്നാലെയാണ് പറക്കും ടാക്‌സികളും പ്രവര്‍ത്തനം ആരംഭിക്കാന്‍ ദുബായ് തയ്യാറെടുക്കുന്നത്.

ഇനി അധികം വൈകില്ല, ദുബായിൽ പറക്കും ടാക്സിയിൽ സഞ്ചരിക്കാം; ഉടൻ സർവീസ് തുടങ്ങുമെന്ന് അധികൃതർ
dot image

ദുബായില്‍ പറക്കും ടാക്‌സിയില്‍ സഞ്ചരിക്കാന്‍ ഇനി അധിക നാളുകള്‍ കാത്തിരിക്കേണ്ടതില്ല. എയര്‍ ടാക്‌സികളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായില്‍ സജ്ജമാക്കിയ ആദ്യ വെര്‍ട്ടിപോര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം ദുബായ് കിരീടവകാശി ഷെയ്ഖ് ഹാംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിലയിരുത്തി. ഈ വര്‍ഷം തന്നെ എയര്‍ ടാക്‌സി ദുബായില്‍ സര്‍വീസ് തുടങ്ങുമെന്ന് ഷെയ്ഖ് ഹംദാന്‍ വ്യക്തമാക്കി.

ഡ്രൈവറില്ലാ ടാക്‌സികള്‍ക്ക് പിന്നാലെയാണ് പറക്കും ടാക്‌സികളും പ്രവര്‍ത്തനം ആരംഭിക്കാന്‍ ദുബായ് തയ്യാറെടുക്കുന്നത്. ദുബായ് വിമാനത്താവളം, ഡൗണ്ടൗണ്‍ ദുബായ്, പാം ജുമൈറ, മറീന എന്നീ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടാകും ആദ്യ ഘട്ടത്തില്‍ എയര്‍ ടാക്‌സികളുടെ സര്‍വീസ്. നഗരത്തിലെ തിരക്കേറിയ റോഡുകളെ ഒഴിവാക്കി വേഗത്തില്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.

എയര്‍ ടാക്‌സികളുടെ ടേക്ക് ഓഫിനും ലാന്റിംഗിനുമായുളള ആദ്യ വെര്‍ട്ടിപോര്‍ട്ട് സ്‌റ്റേഷന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. ദുബായ് വിമാന താവളത്തിന് സമീപം സജ്ജമാക്കിയ സ്റ്റേഷന്റെ പ്രവര്‍ത്തനം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹാംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരിട്ട് എത്തി വിലയിരുത്തി. ഇതിന്റെ ചിത്രങ്ങളും കിരീടാവകാശി സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു. നാല് നിലകളിലായാണ് എയര്‍ ടാക്‌സി സ്റ്റേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. താഴത്തെ രണ്ടു നിലകള്‍ സഞ്ചാരികളുടെ വാഹനങ്ങളുടെ പാര്‍ക്കിംഗിനായി മാറ്റിവെച്ചിരിക്കുന്നു.

കാത്തിരിപ്പ് കേന്ദ്രം, ബുക്കിങ് കൗണ്ടര്‍, അഡ്മിനിസ്‌ടേറ്റീവ് ഓഫീസ് എന്നിവയെല്ലാം മറ്റും രണ്ട് നിലകളിലായി ക്രമീകരിച്ചിരിക്കുന്നു. ഡൗണ്‍ടൗണ്‍, പാംജുമൈറ, മറീന എന്നിവടങ്ങളിലെ വെര്‍ട്ടിപോര്‍ട്ട് സ്‌റ്റേഷനുകളുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകും. പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ടാക്‌സികളാകും സര്‍വീസിനായി ഉപയോഗിക്കുക. ഈ വര്‍ഷം അവസാനത്തോടെ എയര്‍ ടാക്‌സികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് അന്താരാഷ്ട്ര വ്യോമയാന കമ്പനികളുടെ സഹകരണത്തോടെയാണ് ദുബായ് ആര്‍ടിഎ നേതൃത്വത്തില്‍ നടന്നുവരുന്നത്.

Content Highlights: Dubai is set to introduce flying taxi services soon, signaling a major advancement in urban mobility and future transportation.

dot image
To advertise here,contact us
dot image