

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിഎംകെ എം പി കനിമൊഴി. സ്ത്രീകളെ ബിജെപി അവരുടെ തെരഞ്ഞെടുപ്പ് അഭിലാഷങ്ങള്‍ നിറവേറ്റാനുളള ആയുധമാക്കുകയാണ് എന്നാണ് കനിമൊഴി പറഞ്ഞത്. 2029 മുതല്‍ 453 സീറ്റുകളോടെ തന്നെ വനിതാസംവരണം നടപ്പിലാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വനിതാ സംവരണത്തിനായി എന്ന പേരില്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഇന്ത്യന്‍ ഫെഡറല്‍ ഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണമാണെന്നും ബില്‍ വന്നാല്‍ പാര്‍ലമെന്റിലെ തമിഴ് ശബ്ദം ഇല്ലാതാകുമെന്നും കനിമൊഴി പറഞ്ഞു. ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചാണ് ഇന്നും ഡിഎംകെ അംഗങ്ങള്‍ പാര്‍ലമെന്റിലെത്തിയത്.
'വനിതാ സംവരണ ഭേദഗതി ബില്‍ വന്നാല്‍ പാര്‍ലമെന്റിലെ തമിഴ് ശബ്ദം ഇല്ലാതാകും. ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയില്‍ നടത്തിയ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ ബില്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ലംഘിച്ചു. നീതി എന്നത് എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്നതാണ്. രാജ്യത്തിന്റെ ജനാധിപത്യ ഭൂപടം മാറ്റിവരയ്ക്കാനാണ് കേന്ദ്രശ്രമം. രാജ്യത്തെ വനിതകള്‍ക്ക് സംവരണം ആവശ്യമാണ്. നിലവിലെ 543 സീറ്റുകളില്‍ സംവരണം നടത്തട്ടെ. ബില്‍ പിന്‍വലിക്കണം. വനിതാസംവരണ ഭേദഗതി ബില്ലിനെതിരെ തമിഴ്‌നാട് പോരാടും': കനിമൊഴി പറഞ്ഞു.
മണ്ഡല പുനര്‍നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണ് എന്ന് ശശി തരൂര്‍ എംപിയും പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കാന്‍ കാണിച്ച അതേ തിടുക്കമാണ് മണ്ഡല പുനര്‍നിര്‍ണയത്തിലും കാണിക്കുന്നതെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കല്‍ ഡീമോണിറ്റൈസേഷനാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് വലിയ ഭീഷണിയാണ് മണ്ഡല പുനര്‍നിര്‍ണയം. ജനസംഖ്യാ നിയന്ത്രണം പോലുളള ദേശീയ ലക്ഷ്യങ്ങള്‍ കൃത്യമായി നടപ്പിലാക്കിയ കേരളവും തമിഴ്‌നാടും ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പുതിയ പരിഷ്‌കാരത്തോടെ രാഷ്ട്രീയമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടാന്‍ സാധ്യതയുണ്ട്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ എഞ്ചിനുകളായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളുടെ ശബ്ദം പുതിയ പുനര്‍നിര്‍ണയത്തോടെ ദുര്‍ബലമാകും. കേന്ദ്ര ഖജനാവിലേക്ക് വലിയ പങ്ക് നല്‍കുന്ന സംസ്ഥാനങ്ങള്‍ സ്വന്തം രാജ്യത്ത് വെറും കാഴ്ച്ചക്കാരായി മാറുന്ന അവസ്ഥയുണ്ടാകും. വലിയ സംസ്ഥാനങ്ങള്‍ മാത്രം രാജ്യത്തിന്റെ വിധി നിര്‍ണയിക്കുന്ന സാഹചര്യം വരും'- ശശി തരൂര്‍ പറഞ്ഞു.
Content Highlights: BJP is using women as weapons for its electoral ambitions; Kanimozhi and Shashi Tharoor against Women's Reservation Amendment Bill