

സാധാരണയായി ഒരു ഓഹരി വാങ്ങി അത് നിക്ഷേപമായി സൂക്ഷിക്കുമ്പോൾ ബ്രോക്കറേജ് കമ്പനികൾ നല്ലൊരു തുക ഫീസായി ഈടാക്കാറുണ്ട്. എന്നാൽ സെറോദ ഈ ഫീസ് പൂർണ്ണമായും ഒഴിവാക്കി ഉപഭോക്താക്കൾക്ക് കോടികളാണ് ലാഭമായി നല്‍കിയിരിക്കുന്നത്. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള സെറോദ എംഡി നിതിൻ കാമത്തിന്റെ സോഷ്യല്‍ മീഡിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഓഹരികൾ വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ ബ്രോക്കറേജ് ചാർജ് നൽകണം. എന്നാൽ സെറോദയിൽ ഡെലിവറി ട്രേഡുകൾക്ക് ചാർജ് ഈടാക്കാറില്ല. അതായത്, നിങ്ങൾ ഒരു ഓഹരി വാങ്ങി അത് അന്നേ ദിവസം വിൽക്കാതെ നിങ്ങളുടെ അക്കൗണ്ടിൽ സൂക്ഷിക്കുകയാണെങ്കിൽ (ഇതിനെയാണ് ഡെലിവറി എന്ന് പറയുന്നത്), അതിന് സെറോദ ഒരു രൂപ പോലും ബ്രോക്കറേജ് വാങ്ങുന്നില്ല.
നിക്ഷേപകർക്ക് സഹായം
ഈ ഒരു പ്രത്യേകത കാരണം 2016 മുതൽ 2025 വരെയുള്ള കാലയളവിൽ ട്രേഡർമാർക്ക് ഏകദേശം 25,620 കോടി രൂപ ലാഭിക്കാൻ സാധിച്ചു എന്ന് കമ്പനി സിഇഒ നിതിൻ കാമത്ത് അവകാശപ്പെടുന്നത്. പുറത്തുനിന്നുള്ള നിക്ഷേപകരിൽ നിന്ന് പണം വാങ്ങാത്തതിനാൽ, അവരുടെ സമ്മർദ്ദമില്ലാതെ ഉപഭോക്താക്കൾക്ക് അനുകൂലമായ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ സെറോദയ്ക്ക് കഴിയുന്നു. വെറുതെ പണം ഉണ്ടാക്കാൻ വേണ്ടി ഉപഭോക്താക്കളെക്കൊണ്ട് കൂടുതൽ ട്രേഡ് ചെയ്യിക്കുന്ന രീതി തങ്ങൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെറിയ തുകയ്ക്ക് ഓഹരികൾ വാങ്ങുന്നവർക്ക് ബ്രോക്കറേജ് ചാർജ് വലിയൊരു ബാധ്യതയാണ്. ഉദാഹരണത്തിന്, 500 രൂപയുടെ ഓഹരി വാങ്ങുമ്പോൾ 20 രൂപ ചാർജ് നൽകേണ്ടി വന്നാൽ അത് വലിയ നഷ്ടമാണ്. എന്നാൽ സീറോദയിൽ ഡെലിവറി ട്രേഡിന് ചാർജ് ഇല്ലാത്തതുകൊണ്ട് സാധാരണക്കാർക്ക് ധൈര്യമായി നിക്ഷേപം തുടങ്ങാം എന്ന സന്ദേശമാണ് നിധിൻ കാമത്ത് നൽകുന്നത്. ഇന്ത്യൻ ഓഹരി വിപണിയിൽ ബ്രോക്കറേജുകൾ തമ്മിലുള്ള മത്സരം മുറുകുന്നതിന്റ്റെ ലക്ഷണമായും ഈ പോസ്റ്റിനെ കാണാം.
Content Highlights: Nitin Kamath reveals how Zerodha's zero brokerage on delivery trades saved investors ₹25,620 crore. Learn how prioritizing customers over revenue changed Indian trading.