

അബുദാബിയിലെ തിരക്കേറിയ പ്രദേശങ്ങളിലൊന്നായ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ഏപ്രില്‍ ആറ് മുതല്‍ പെയ്ഡ് പാർക്കിങ് സംവിധാനം നടപ്പിലാക്കുന്നു. വിവിധ വാണിജ്യ മേഖലകളിലും റെസിഡന്‍ഷ്യല്‍ വില്ല ഏരിയകളിലും പുതിയ നിയന്ത്രണങ്ങള്‍ ബാധകമാകുമെന്ന് ഗതാഗത സേവന ദാതാക്കളായ ക്യു മൊബിലിറ്റി അറിയിച്ചു. പ്രദേശത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും വാഹന പാര്‍ക്കിംഗ് കൂടുതല്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് നീക്കം.
സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ്ങിന് മണിക്കൂറിന് രണ്ട് ദിര്‍ഹം ആയിരിക്കും ഫീസ്. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ താമസക്കാര്‍ക്ക് പ്രയാസമില്ലാതെ പാര്‍ക്ക് ചെയ്യുന്നതിനായി റെസിഡന്റ്, വില്ല പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ക്കും അപേക്ഷിക്കാം. ഇത് താമസക്കാര്‍ക്ക് സ്വന്തം വീടിന് സമീപം തടസ്സമില്ലാതെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സഹായകമാകും. അബുദബിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ മുസഫ വ്യാവസായിക മേഖലയില്‍ ജനുവരി 12 മുതല്‍ പെയ്ഡ് പാര്‍ക്കിംഗ് നടപ്പിലാക്കിയിരുന്നു. ഇതിന്റെ വിജയകരമായ തുടര്‍ച്ചയായാണ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുന്നത്.
അതിനിടെ കനത്ത മഴയെത്തുടര്‍ന്ന് ഷാര്‍ജയില്‍ പ്രഖ്യാപിച്ച സൗജന്യ പൊതു പാര്‍ക്കിംഗ് ആനുകൂല്യം നാളെ അവസാനിക്കും. നാളെ മുതല്‍ ഷാര്‍ജയിലെ എല്ലാ പൊതു പാര്‍ക്കിംഗ് മേഖലകളിലും പണമടച്ചുള്ള സംവിധാനം പുനരാരംഭിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. മാര്‍ച്ച് 23-ന് ആരംഭിച്ച ശക്തമായ മഴയെയും മോശം കാലാവസ്ഥയെയും തുടര്‍ന്നാണ് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചത്. മോശം കാലാവസ്ഥയില്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആശ്വാസം നല്‍കുന്നതിനായി ആദ്യം പ്രഖ്യാപിച്ച ഇളവ് പിന്നീട് നീട്ടിനല്‍കിയിരുന്നു.
ഷാര്‍ജയിലെ എല്ലാ സോണുകളിലും ഔദ്യോഗിക അവധി ദിവസങ്ങളില്‍ പോലും ഫീസ് ഈടാക്കുന്ന 'നീല ബോര്‍ഡുകള്‍' ഉള്ള മേഖലകളിലും ഈ ഇളവ് ബാധകമായിരുന്നു.കഴിഞ്ഞ വാരം ഞായറാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നീണ്ടുനിന്ന കനത്ത മഴയില്‍ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാനുഷിക പരിഗണന കണക്കിലെടുത്ത് അധികൃതര്‍ ഇളവുകള്‍ നല്‍കിയത്. ചെറിയ പെരുന്നാള്‍ അവധിക്കാലത്തെ മൂന്ന് ദിവസത്തെ സൗജന്യ പാര്‍ക്കിംഗിന് പിന്നാലെയാണ് മഴക്കെടുതിയെത്തുടര്‍ന്നുള്ള ഈ ദീര്‍ഘിപ്പിച്ച ഇളവും പ്രവാസികള്‍ക്ക് ലഭിച്ചത്.
Content Highlights: Paid parking system to be implemented in Mohammed Bin Zayed City, Abu Dhabi starting April 6. Authorities announce new parking regulations for residents.