തിരക്ക് കൂടിയാലും നടപടികൾ വേ​ഗത്തിൽ; ദുബായ് വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റുകൾ സജ്ജമെന്ന് അധികൃതർ

വേനലവധി കഴിഞ്ഞ് തിരികെ എത്തുന്നവരുടെ ഒഴുക്ക് വർദ്ധിച്ചതോടെ ദുബായ് എയർപോർട്ടുകളിലെ പ്രധാന പ്രോസസ്സിംഗ് പോയിന്റുകളിലെല്ലാം സജ്ജീകരണങ്ങൾ ശക്തമാക്കി

തിരക്ക് കൂടിയാലും നടപടികൾ വേ​ഗത്തിൽ; ദുബായ് വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റുകൾ സജ്ജമെന്ന് അധികൃതർ
dot image

ദുബായ് വിമാനത്താവളങ്ങളിൽ തിരക്കേറിയതോടെ പാസ്‌പോർട്ട് നടപടികൾ വേഗത്തിലാക്കാൻ വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി അധികൃതർ. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ജീവനക്കാരെയും ഒപ്പം അത്യാധുനിക സാങ്കേതികവിദ്യകളും വിന്യസിച്ചതായി ജിഡിആർഎഫ്എ അറിയിച്ചു.

വേനലവധി കഴിഞ്ഞ് തിരികെ എത്തുന്നവരുടെ ഒഴുക്ക് വർദ്ധിച്ചതോടെ ദുബായ് എയർപോർട്ടുകളിലെ പ്രധാന പ്രോസസ്സിംഗ് പോയിന്റുകളിലെല്ലാം സജ്ജീകരണങ്ങൾ ശക്തമാക്കി. യാത്രക്കാരുടെ പ്രോസസ്സിംഗ് സമയം പരമാവധി കുറയ്ക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി സ്മാർട്ട് ഗേറ്റുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചു.

ഫേഷ്യൽ റെക്കഗ്നിഷനും ബയോമെട്രിക് സംവിധാനവും ഉപയോഗിച്ച് യോഗ്യരായ യാത്രക്കാർക്ക് നിമിഷങ്ങൾക്കകം പൂർണ്ണമായും സമ്പർക്കരഹിതമായി പാസ്‌പോർട്ട് കടമ്പകൾ പൂർത്തിയാക്കാം. സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ കൂടുതൽ ടെക്നിക്കൽ ടീമിനെയും ജീവനക്കാരെയും വിമാനത്താവളത്തിൽ വിന്യസിച്ചിട്ടുണ്ട്. എത്തുന്നവരെ സ്വീകരിക്കാൻ പ്രത്യേക 'റെഡ് കാർപെറ്റ്' ഇടനാഴികളും ഒരുക്കിയിട്ടുണ്ട്.

ഒരുക്കങ്ങൾ ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി നേരിട്ടെത്തി അവലോകനം ചെയ്തു. പരിശോധനകളെ വേഗതയേറിയ അനുഭവമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ദുബായുടെ ആതിഥ്യമര്യാദ പ്രതിഫലിപ്പിക്കാൻ പാസ്‌പോർട്ട് ഓഫീസർമാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് എയർപോർട്ട്സ്, ദുബായ് പൊലീസ്, ദുബായ് കസ്റ്റംസ്, പ്രമുഖ എയർലൈനുകൾ എന്നിവരുമായി ഏകോപിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.

Content Highlights: Dubai Airport has set up smart gates to make passenger processing faster and more efficient, especially during busy travel periods. The technology aims to improve the overall airport experience for travellers.

dot image
To advertise here,contact us
dot image