

പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ഖത്തര്‍. ഇനി മുതല്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് വേഗത്തില്‍ പണം അയക്കാം. ഖത്തറില്‍ നിന്ന് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ വഴി പണമയക്കാനുള്ള പുതിയ സംവിധാനം നിലവില്‍ വന്നു. ഇന്ത്യ പോസ്റ്റ്, ഖത്തര്‍ പോസ്റ്റ്, യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍, എന്‍പിസിഐ, ഇന്റര്‍നാഷണല്‍ പെയ്‌മെന്റ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് പോസ് ട്രാന്‍സ്ഫര്‍ പവേര്‍ഡ് ബൈ യുപിഐ (PozTransfer powered by UPI) സേവനം ആരംഭിച്ചത്.
ഖത്തറിലെ ചെറുകിട വരുമാനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നാട്ടിലേക്ക് ഏറ്റവും ലളിതവും കുറഞ്ഞ നിരക്കിലും പണമയക്കാന്‍ ഇത് സഹായകമാകും. നാട്ടില്‍ പണം സ്വീകരിക്കാല്‍ ബാങ്ക് അക്കൗണ്ട് നമ്പറോ ഐഎഫ്എസ്‌സി കോഡോ ( IFSC Code) ആവശ്യമില്ല. യുപിഐ ഐഡി മാത്രം മതിയാകും. ഒരു ഇടപാടിന് ഫ്‌ളാറ്റ് നിരക്കായി പതിനഞ്ച് റിയാല്‍ മാത്രമാണ് സര്‍വീസ് ചാര്‍ജ്. 10 റിയാല്‍ മുതല്‍ 4000 റിയാല്‍ വരെയാണ് യുപിഐ വഴി അയക്കാന്‍ സാധിക്കുന്ന തുക. പണമയക്കുന്നതിനായി പണമയക്കുന്നയാളുടെ പേര്, സാധുതയുള്ള ഖത്തര്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവയും ഇന്ത്യയില്‍ പണം സ്വീകരിക്കുന്ന ആളുടെ പേര്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവയും നല്‍കണം.
പണമയക്കുന്നതിനായി ആദ്യം തന്നെ ഖത്തറിലെ ഏതെങ്കിലും ഖത്തര്‍ പോസ്റ്റ് ശാഖയിലെത്തുക. ഖത്തര്‍ ഐഡി കാര്‍ഡും മൊബൈല്‍ നമ്പറും നല്‍കുക. പണമയക്കുന്നതിനായി യുപിഐ അല്ലെങ്കില്‍ പോസ് ട്രാന്‍സ്ഫര്‍ തെരഞ്ഞെടുക്കുക. നാട്ടില്‍ പണം സ്വീകരിക്കുന്ന ആളുടെ യുപിഐ ഐഡി കാര്‍ഡും മൊബൈല്‍ നമ്പറും രേഖപ്പെടുത്തുക. ശേഷം പണം അയക്കുക. പണം അയച്ചയുടന്‍ തന്നെ ഇന്ത്യയിലെ അക്കൗണ്ടില്‍ തുക ക്രെഡിറ്റാവുകയും ചെയ്യും.
Content Highlight: Indian expatriates in Qatar can now transfer money directly to UPI-enabled bank accounts in India through a newly launched remittance service