

വിദേശത്തായിരിക്കെ റസിഡന്‍സി പെര്‍മിറ്റ് കാലാവധി കഴിഞ്ഞവര്‍ക്ക് യുഎഇയിലേക്ക് തിരിച്ചെത്താന്‍ അനുമതി. ദുബായ് താമസ കുടിയേറ്റ വകുപ്പ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിസാ കാലാവധി കഴിഞ്ഞ ശേഷവും യുഎഇയില്‍ തുടരുന്നവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടുന്നതിനുള്ള ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശങ്ങളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ പ്രഖ്യാപനം. ഫെബ്രുവരി 28-നോ അതിനു ശേഷമോ വിസ കാലാവധി അവസാനിച്ചവര്‍ക്ക് ഈ മാസം 31 വരെ പുതിയ എന്‍ട്രി പെര്‍മിറ്റില്ലാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴയും. ഇതിന് പ്രത്യകേ ഫീസോ പിഴകളോ നല്‍കേണ്ടതില്ല.
നിലവിലെ ആഗോള യാത്രാ തടസ്സങ്ങള്‍ കണക്കിലെടുത്ത് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ കരുതലേകുന്ന മാനുഷിക പരിഗണനയുടെ ഭാഗമായാണ് നടപടിയെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. താമസ നിയമങ്ങള്‍ ലംഘിച്ച് യുഎഇയില്‍ തുടരുന്നവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള ഇളവുകളും ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. യാതൊരു സങ്കീര്‍ണതകളുമില്ലാതെ ഇത്തരക്കാര്‍ക്ക് രാജ്യം വിടാനുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും താമസ കുടിയേറ്റ വകുപ്പ് മേധാവി വ്യക്തമാക്കി.
വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും യാത്രക്കാര്‍ക്ക് മികച്ച സേവനവും സുഗമമായ യാത്രാ സൗകര്യവും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ സന്നദ്ധമാണെന്നും അല്‍ മര്‍റി പറഞ്ഞു. അടിയന്തര യാത്രക്കാര്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നുണ്ട്. ഉദ്യോഗസ്ഥര്‍ എല്ലാ പോയിന്റുകളിലും ഡ്യൂട്ടിയിലുണ്ട്. പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തെ കര, കടല്‍, വ്യോമ അതിര്‍ത്തികളിലെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന നിലവാരത്തില്‍ തന്നെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് പൊലിസ്, സിവില്‍ ഏവിയേഷന്‍, ദുബൈയിലെ വിമാനത്താവളങ്ങള്‍, എയര്‍ലൈനുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ തമ്മിലുള്ള ശക്തമായ ഏകോപനത്തെയും അല്‍ മര്‍റി പ്രശംസിച്ചു. വിമാന ഷെഡ്യൂളുകളില്‍ മാറ്റമുണ്ടായപ്പോള്‍ പോലും യാത്രക്കാര്‍ കാണിച്ച വിട്ടുവീഴ്ച മനോഭാവം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
Content Highlights: The United Arab Emirates grants re-entry permission to residents stranded abroad with expired residence visas, offering major relief to expatriates.