

കാല്‍നട യാത്രക്കാര്‍ക്ക് മികച്ച നടപ്പാതകള്‍ നിര്‍മിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും അനുയോജ്യമായ നഗരമാക്കി ദുബായിയെ മാറ്റാന്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ദുബായ് വാക്ക് എന്ന പേരില്‍ നടപ്പാതകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് ആര്‍ടിഎ തുടക്കം കുറിച്ചു. 12 കിലോമീറ്റര്‍ നടപ്പാതയും അഞ്ച് കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്കും ആദ്യഘട്ട പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. അല്‍ റാസ് മേഖല കേന്ദ്രീകരിച്ചാണ് ദുബായ് വാക്ക് പദ്ധതി നടപ്പിലാക്കുന്നത്.
താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികവുറ്റ സഞ്ചാരപാത ലഭ്യമാക്കുകയാണ് ലക്ഷ്യം. ദുബായ് വാക്കിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി 12 കിലോമീറ്റര്‍ നടപ്പാതയും അഞ്ച് കിലോമീറ്റര്‍ സൈക്ലിങ് ട്രാക്കുമാണ് നിര്‍മിക്കുക. 20 മിനിറ്റ് നഗരം'എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിക്കൂടിയാണ് പദ്ധതി. നടപ്പാത ഉപഭോക്താക്കള്‍ക്ക് 80 ശതമാനം അവശ്യസേവനങ്ങളും ആര്‍ടിഎ ലഭ്യമാക്കും. ഇതിനായി അനുബന്ധ സൗകര്യങ്ങള്‍ സജ്ജമാക്കും.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിക്കൊണ്ട് എമിറേറ്റിലെ വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുകയും സാംസ്‌കാരിക ഘടകങ്ങളെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നതും പദ്ധതിയുടെ ഭാഗമാണ്. 2027 പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. പിന്നാലെ 2040-ല്‍ നഗരവ്യാപകമായി ശൃംഖല വികസിപ്പിക്കും. 110 നടപ്പാലങ്ങളും അണ്ടര്‍പാസുകളും പദ്ധതിയുടെ ഭാഗമാണ്.
പൊതുഗതാഗതസംവിധാനങ്ങളായ മെട്രോ, ബസ്, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളുമായി വാക്ക് വേ പദ്ധതി ബന്ധിപ്പിക്കും. നടപ്പാതകളില്‍ ചുമര്‍ച്ചിത്രങ്ങള്‍, ശില്പങ്ങള്‍, കലാ ഇന്‍സ്റ്റലേഷനുകള്‍ എന്നിവയടക്കം വിപുലമായ വാസ്തുവിദ്യരീതികളും ഉള്‍പ്പെടുത്തുമെന്ന് ആര്‍ടിഎ വ്യക്തമാക്കി.
Content Highlights: Roads and Transport Authority (RTA) announces major upgrades to pedestrian walkways in Dubai to enhance safety, accessibility, and urban mobility.