മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശി റിമാൻഡിൽ

കേസിൽ ഒളവിൽ കഴിഞ്ഞിരുന്ന വെള്ളനാട് ശശി ഇന്ന് വനം വകുപ്പ് ഓഫീസിൽ കീഴടങ്ങിയിരുന്നു

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശി റിമാൻഡിൽ
dot image

തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തില്‍പ്പെടുന്ന മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ റിമാൻഡ് ചെയ്തു. ഏപ്രിൽ നാല് വരെയാണ് റിമാൻഡ് ചെയ്തത്. കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വെള്ളനാട് ശശി ഇന്ന് വൈകിട്ട് 3:30 ഓടെ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിൽ കീഴടങ്ങിയിരുന്നു. പിന്നാലെ മൊഴി രേഖപ്പെടുത്തി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. കേസിൽ ശശിയുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു.

ഫെബ്രുവരി 28നാണ് വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടില്‍ കയറിയ മുള്ളന്‍പന്നിയെ വെള്ളനാട് ശശി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊന്നത്. എന്നാല്‍ മുള്ളന്‍പന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോ എന്ന് നോക്കിതാണെന്നുമായിരുന്നു വെള്ളനാട് ശശി റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. വണ്ടി കയറി ചത്തുകിടന്ന മുള്ളന്‍പന്നിയാണത്. അതിന് ജീവനുണ്ടോ എന്ന് നോക്കിയതാണ്. പ്രദേശത്ത് മുഴുവന്‍ മുള്ളന്‍പന്നികളുടെ വലിയ ശല്യമുണ്ടെന്നുമായിരുന്നു ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വെള്ളനാട് ശശി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. ഒരു വീടിനകത്ത് കയറിയ പന്നി ആരെയെങ്കിലും ആക്രമിക്കുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന സംരക്ഷിത ജീവിയാണ് മുള്ളന്‍ പന്നി. ഏഴ് വര്‍ഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പരുത്തിപ്പള്ളി വനം വകുപ്പ് ആര്‍ ആര്‍ ടി റോഷ്നിയുടെ നേതൃത്വത്തില്‍ ചത്ത മുള്ളന്‍ പന്നിയെ വനംവകുപ്പ് വാഹനത്തിലേക്ക് മാറ്റിയിരുന്നു. മുള്ളന്‍പന്നി ചത്തത് തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തലച്ചോറിനും ക്ഷതമേറ്റിരുന്നു. തല പൊട്ടിപിളര്‍ന്ന അവസ്ഥയിലായിരുന്നെന്നും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുള്ള അടിയിലാണ് തല പൊട്ടിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Content Highlight : Vellanad Panchayat President Vellanad Sasi remanded in the porcupine killing case

dot image
To advertise here,contact us
dot image