

വിദേശയാത്രയ്ക്കും ആഭ്യന്തര യാത്രയ്ക്കും തയ്യാറെടുക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയുമായി എയര്‍ ഇന്ത്യ. ഇന്ധന സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ ഗ്രൂപ്പ് തീരുമാനിച്ചു. ഇതോടെ ടിക്കറ്റ് നിരക്കും ഉയരും. നാളെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വിമാന ഇന്ധന വില കുതിച്ചുയര്‍ന്നതാണ് നിരക്ക് വര്‍ദ്ധനവിന് കാരണമായി എയര്‍ ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് സര്‍ചാര്‍ജ് വര്‍ദ്ധനവ് നടപ്പിലാക്കുന്നത്. ഇതില്‍ ആദ്യ ഘട്ടം നാളെ മുതല്‍ പ്രാബല്യത്തില്‍ നിലവില്‍ വരും. പുതിയ ബുക്കിംഗുകള്‍ക്ക് മാത്രമാണ് ഈ വര്‍ദ്ധനവ് ബാധകമാകുകയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയിലെ ആഭ്യന്തര യാത്രകള്‍ ടിക്കറ്റൊന്നിന് 399 രൂപ അധികം നല്‍കണം. മിഡില്‍ ഈസ്റ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്ക് ഏകദേശം 830 രൂപാണ് അധിക നിരക്ക്.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സര്‍ചാര്‍ജ് 40 ഡോളറില്‍ നിന്ന് 60 ഡോളറായി ഉയരും. ആഫ്രിക്കയില്‍ മേഖലയില്‍ 60 ഡോളറില്‍ നിന്ന് 90 ഡോളറായാണ് വര്‍ദ്ധിക്കുക. സര്‍ചാര്‍ജ് വര്‍ദ്ധനയുടെ രണ്ടാം ഘട്ടം ഈ മാസം ഈ മാസം 18 മുതല്‍ നിലില്‍ വരും. ഇതു പ്രകാരം യൂറോപ്പിലോക്കുള്ള യാത്രക്ക് 125 ഡോളര്‍ അധികമായി നല്‍കേണ്ടി വരും. അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഇപ്പോഴുള്ള 150 ഡോളറില്‍ നിന്ന് 200 ഡോളറായി സര്‍ചാര്‍ജ് ഉയരും. മൂന്നാം ഘട്ട വര്‍ദ്ധനവ് ഹോങ്കോങ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരെയായിരിക്കും ബാധിക്കുക.
നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരെ ഈ വര്‍ദ്ധനവ് ബാധിക്കില്ല. എന്നാല്‍ യാത്രാ തീയതി മാറ്റുകയോ റീബുക്ക് ചെയ്യുകയോ ചെയ്താല്‍ പുതിയ നിരക്ക് നല്‍കേണ്ടി വരും. പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാകുന്ന സാഹചര്യത്തില്‍, സര്‍വീസുകള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ തീരുമാനമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. അതിനിടെ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് നിലവില്‍ ഇന്ധന സര്‍ചാര്‍ജ് ബാധകമല്ല എന്നത് ബജറ്റ് യാത്രക്കാര്‍ക്ക് ആശ്വാസകരമാണ്. യാത്രക്കാര്‍ ബുക്കിംഗ് നടത്തുന്നതിന് മുമ്പ് എയര്‍ലൈന്‍ വെബ്‌സൈറ്റിലെ പുതുക്കിയ നിരക്കുകള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Content Highlights: Air India plans to increase fuel surcharge on tickets, leading to higher travel costs and a major setback for passengers.