

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പൂര്‍ണ ശേഷിയിലുള്ള പ്രവര്‍ത്തനം മൂന്ന് ഘട്ടങ്ങളിലായി പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. അംഗീകൃത ഏജന്‍സികള്‍ വഴി മാത്രം ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും വിദേശ വെബ്‌സൈറ്റുകളിലൂടെ ടിക്കറ്റ് ബുക്കിങ് നടത്തുന്നവര്‍ക്ക് യാത്ര റദ്ദായാല്‍ റീഫണ്ട് ലഭിക്കുന്നതിന് നിയമ പരിരക്ഷ ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഘട്ടം ഘട്ടമായി കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് തീരുമാനം. നിലവിലെ ആദ്യ ഘട്ടത്തില്‍ 10 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തനം നടത്തുന്നത്. കുവൈറ്റ് എയര്‍വേയ്സ്, ജസീറ എയര്‍വേയ്സ് എന്നീ രണ്ട് കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. മുന്‍പ് 50ലധികം വിമാനക്കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്താണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രാജ്യത്തെ ഏകദേശം 22,800 വിമാന സര്‍വീസുകളെ ബാധിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍-റജഹി വ്യക്തമാക്കി. ടെര്‍മിനല്‍-1ന്റെ നവീകരണവും ടെര്‍മിനല്‍-2ലെ റണ്‍വേ വികസന പദ്ധതികളും തടസ്സമില്ലാതെ തുടരുന്നുണ്ട്.
വിമാനത്താവളത്തെ സമ്പൂര്‍ണ്ണ പ്രവര്‍ത്തനത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളോട് യാത്രക്കാര്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം വിമാന സര്‍വീസുകള്‍ റദ്ധാക്കിയതിനെ തുടര്‍ന്ന് ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്നത്.
യാത്ര റദ്ധാക്കപ്പെടുന്ന സാഹചര്യങ്ങളില്‍ രാജ്യത്തെ അംഗീകൃത ട്രാവല്‍ ഏജന്‍സികളും വിമാനക്കമ്പനികളും യാത്രക്കാര്‍ക്ക് പൂര്‍ണമായും റീഫണ്ട് നല്‍കാന്‍ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിദേശ വെബ്‌സൈറ്റുകളിലൂടെയുള്ള ബുക്കിങ്ങുകള്‍ക്ക് പ്രാദേശിക നിയമ പരിരക്ഷ ലഭിക്കില്ലെന്നും അതിനാല്‍ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Content Highlights: Kuwait airport authorities stated that complete airport operations will be restarted in three phases. The phased resumption aims to ensure smooth functioning of services, better passenger management, and efficient handling of flight operations.