

ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ഇറാൻ ആക്രമണത്തിൽ യുഎഇയിൽ 10 പേർക്ക് കൂടി പരിക്ക്. പരിക്കേറ്റവരുടെ എണ്ണം 78 ആയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിനിടെ രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ യുഎഇയിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വിവിധ ജിസിസി രാജ്യങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ ആക്രണം തുടരുകയാണ്. സൗദി അറേബ്യയിലെ അരാംകോയ്ക്ക് കീഴിലെ റിഫൈനറിക്ക് നേരെ ഇറാന്‍ വീണ്ടും ആക്രണം നടത്തി. കുവൈത്തില്‍ തകര്‍ന്ന ട്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് പതിനൊന്നുകാരി മരിച്ചു. യുഎഇയിലെ യുഎസ് എംബസിയും കോണ്‍സുലേറ്റും അടച്ചു.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്റെ ആക്രമണത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. എങ്കിലും ജിസിസി രാജ്യങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രണം ഇറാന്‍ ഇപ്പോഴും തുടരുകയാണ്. സൗദി അറേബ്യയിലെ അരാംകോയ്ക്ക് കീഴിലെ റിഫൈനറിക്ക് നേരെ വീണ്ടും ഇറാന്‍ ആക്രണം നടത്തി. റാസ് തനൂര റിഫൈനറിക്ക് നേരെ ഇറാന്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്.
കുവൈത്തില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് ഇറാന്‍ സ്വദേശിയായ പതിനൊന്നുകാരിക്ക് ജീവന്‍ നഷ്ടമായി.കുടുംബത്തിലെ നാല് പേര്‍ ചികിത്സയിലാണ്. ദുബായ് യുഎസ് കോണ്‍സുലേറ്റിന് സമീപവും ഇന്നലെ രാത്രി ഇറാന്‍ ആക്രമണം നടത്തി. ആക്രമണത്തെ ശക്തമായി യു.എ.ഇയുടെ പ്രതിരോധ സംവിധാനങ്ങള്‍ ചെറുത്തു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അബുദാബിയിലെ യുഎസ് എംബസിയും ദുബായിലെ യുഎസ് കോണ്‍സുലേറ്റും അടച്ചു.
അതിനിടെ യുഎഇയില്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 78 ആയെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം മൂന്ന് മിസൈലുകളെയും 129 ഡ്രോണുകളെയും നേരിട്ടു. എട്ട് ഡ്രോണുകള്‍ രാജ്യത്ത് പതിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ബഹ്റൈനില്‍ യുഎസ് സൈനിക കേന്ദ്രം ലക്ഷ്യമാക്കി ഇന്നും ഇറാന്റെ ഡ്രോണുകള്‍ എത്തി. ഇറാന്റെ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കാന്‍ ബഹ്‌റൈന്‍ സേനക്കും കഴിഞ്ഞു. ഒമാന്‍ തീരത്തിനടുത്ത് കണ്ടെയ്‌നര്‍ കപ്പലിന്റെ എഞ്ചിനില്‍ തീപ്പിടുത്തമുണ്ടായതായി യുകെ മാരിടൈം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്നത്.
Content Highlights: Ten more people injured in the UAE following Iran’s attack on US military bases