

പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ 2026 മാർച്ച് ഒമ്പത് തിങ്കളാഴ്ച, യുഎഇ സമയം ഉച്ചയ്ക്ക് മൂന്ന് മണി വരെ നിർത്തിവെച്ചതായി എയർ അറേബ്യ അറിയിച്ചു. എങ്കിലും അധികാരികളിൽ നിന്ന് ലഭിക്കുന്ന സുരക്ഷാ അനുമതികൾക്ക് അനുസൃതമായി പരിമിതമായ സർവീസുകൾ തുടരുമെന്ന് എയർലൈൻ അധികൃതർ വെബ്‌സൈറ്റിൽ അറിയിച്ചു.
നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളിൽ ബുക്ക് ചെയ്ത യാത്രക്കാരെ നേരിട്ട് വിവരം അറിയിക്കുന്നതാണ്. എയർ അറേബ്യയിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിക്കാത്ത പക്ഷം മറ്റ് യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുത്, അധികൃതർ കൂട്ടിച്ചേർത്തു.
വിമാന ടിക്കറ്റ് ബുക്കിംഗിനും റീഫണ്ടിനുമുള്ള പ്രധാന നിർദ്ദേശങ്ങൾ എയർ അറേബ്യ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. റദ്ദാക്കിയ വിമാനങ്ങളിൽ ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് ചില ഓഫറുകളും അധികൃതർ നൽകുന്നുണ്ട്. 15 ദിവസത്തിനുള്ളിൽ ഒരു തവണ സൗജന്യമായി യാത്രയുടെ തീയതി മാറ്റുക, ടിക്കറ്റ് തുകയ്ക്ക് തുല്യമായ വൗച്ചർ അടുത്ത യാത്രകൾക്കായി ഉപയോഗിക്കുക, ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ പേയ്‌മെന്റ് രീതിയിലൂടെ പണം തിരികെ ലഭിക്കുക തുടങ്ങിയവയാണ് എയർലൈൻ അധികൃതർ നൽകുന്ന ഓഫറുകൾ.
എയർ അറേബ്യ വെബ്‌സൈറ്റിൽ ഫ്ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു. അറിയിപ്പുകൾ കൃത്യമായി ലഭിക്കുന്നതിന് മാനേജ് ബുക്കിങ് വഴി നിങ്ങളുടെ ഫോൺ നമ്പറും ഇമെയിലും ശരിയാണെന്ന് ഉറപ്പുവരുത്തുക. ഏറ്റവും പുതിയ വിവരങ്ങൾക്കായി എയർ ലൈൻ അധികൃതരുടെ ഔദ്യോഗിക വെബ്‌സൈറ്റോ സോഷ്യൽ മീഡിയ ചാനലുകളോ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Air Arabia announces suspension of flight services to and from the UAE until March 9 citing the prevailing West Asian situation, advising passengers to check updates and rebooking options