

ടൂറിസം, ബിസിനസ്, ജോലി അല്ലെങ്കിൽ കുടുംബ സന്ദർശനം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി യുഎഇ വിസയ്ക്ക് അപേക്ഷിക്കുന്നത് സാധാരണയായി ലളിതമായ ഒരു പ്രക്രിയയാണ്. എന്നാൽ അപേക്ഷയിൽ സംഭവിക്കുന്ന ചെറിയ പിഴവുകളെ തുടർന്ന് പലർക്കും വിസ നിഷേധിക്കപ്പെടാറുണ്ട്. 2026-ൽ യുഎഇ ഇമിഗ്രേഷൻ നിയമങ്ങൾ കൂടുതൽ കർശനമാക്കുകയും പരിശോധനകൾ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചെറിയ തെറ്റുകളാൽ നിരവധി ഇന്ത്യൻ അപേക്ഷകരുടെ വിസകൾ നിരസിക്കപ്പെടുന്നുണ്ട്. വിസാ അപേക്ഷകൾ നിരസിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്.
അക്ഷരത്തെറ്റുകളോ അപൂർണമായ വിവരങ്ങളോ കാരണം അപേക്ഷകൾ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്. യുഎഇ ഇമിഗ്രേഷൻ സംവിധാനങ്ങൾ ഒന്നിലധികം രേഖകളിലെ വിവരങ്ങൾ കൃത്യമായി ഒത്തുനോക്കിയാണ് വിസ അനുവദിക്കുന്നത്. ഇതിനർത്ഥം, അപേക്ഷകന്റെ പേര്, ജനനതീയതി, പാസ്‌പോർട്ട് നമ്പർ, പൗരത്വം എന്നീ കോളങ്ങളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പാസ്‌പോർട്ടിലുള്ളതുമായി അക്ഷരത്തിലോ ചിഹ്നങ്ങളിലോ പോലും വ്യത്യാസമില്ലാതെ കൃത്യമായി പൊരുത്തപ്പെടണം എന്നാണ്. നേരിയ വ്യത്യാസം പോലുമുണ്ടെങ്കിൽ, കൂടുതൽ പരിശോധനകൾക്ക് മുതിരാതെ തന്നെ അപേക്ഷ നിരസിക്കപ്പെട്ടേക്കാം.
യുഎഇ വിസ നിയമങ്ങൾ അനുസരിച്ച്, അപേക്ഷകർക്ക് യന്ത്രത്തിന് വായിക്കാൻ കഴിയുന്ന പാസ്‌പോർട്ട് ഉണ്ടായിരിക്കണം. കൂടാതെ, യുഎഇയിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന തീയതി മുതൽ പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം.
വിസ കാറ്റഗറി തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയുടെ യഥാർത്ഥ ഉദ്ദേശ്യത്തിന് അനുയോജ്യമല്ലാത്ത വിസ വിഭാഗം തിരഞ്ഞെടുക്കുന്നത് അപേക്ഷ നിരസിക്കപ്പെടാൻ കാരണമാകും. ഉദാഹരണത്തിന്, ബിസിനസ് മീറ്റിംഗുകളിൽ പങ്കെടുക്കാനോ, ജോലി ചെയ്യാനോ അല്ലെങ്കിൽ പഠനത്തിനായോ ആണ് നിങ്ങൾ പോകുന്നതെങ്കിൽ അതിനു പകരം ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നത് തെറ്റായ നടപടിയാണ്. നിങ്ങളുടെ യാത്രാ ലക്ഷ്യവും നിങ്ങൾ തിരഞ്ഞെടുത്ത വിസ വിഭാഗവും തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്ന കാരണത്താൽ ഇമിഗ്രേഷൻ വിഭാഗം അപേക്ഷ തള്ളിക്കളഞ്ഞേക്കാം.
യുഎഇയിൽ താമസിക്കുന്ന കാലയളവിലെ ചിലവുകൾ വഹിക്കാൻ അപേക്ഷകന് സാമ്പത്തികമായി സാധിക്കുമെന്ന് തെളിയിക്കുന്ന രേഖകൾ ഇമിഗ്രേഷൻ വിഭാഗം ആവശ്യപ്പെടുന്നുണ്ട്. കൃത്യമല്ലാത്തതോ അപൂർണ്ണമായതോ ആയ സാമ്പത്തിക രേഖകൾ വിസ നിരസിക്കപ്പെടാൻ പ്രധാന കാരണമാകാറുണ്ട്.
വിസ കാലാവധി കഴിഞ്ഞും അവിടെത്തന്നെ തുടരാനുള്ള സാധ്യതയുണ്ടോ എന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പരിശോധിക്കാറുണ്ട്. നിങ്ങൾ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുമെന്ന് അവർക്ക് ഉറപ്പ് ലഭിക്കേണ്ടതുണ്ട്.
ആദ്യമായി വിദേശത്തേക്ക് യാത്ര ചെയ്യുന്നവരോ അല്ലെങ്കിൽ വളരെ അപൂർവ്വമായി മാത്രം യാത്ര ചെയ്യുന്നവരോ ആണെങ്കിൽ, വിസ കാലാവധി കഴിഞ്ഞും അവിടെ തുടരാൻ സാധ്യതയുണ്ടെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സംശയിച്ചേക്കാം. യുഎഇയിൽ മാത്രമല്ല, മറ്റ് ഏതെങ്കിലും രാജ്യങ്ങളിൽ നിങ്ങൾ മുമ്പ് വിസ നിയമങ്ങൾ ലംഘിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ വിസ അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അത് യുഎഇ വിസ ലഭിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കാം.
അപേക്ഷ പിൻവലിക്കൽ, റദ്ദാക്കൽ, വ്യക്തമല്ലാത്ത യാത്രാ തീയതികൾ എന്നിവ വിസ നിരസിക്കപ്പെടുന്നതിന് കാരണമാകുന്ന സാധാരണ പ്രശ്നങ്ങളാണ്. ഇതിനുപുറമെ, നിങ്ങൾ ബുക്ക് ചെയ്ത ഹോട്ടൽ താമസത്തിന്റെ തീയതികളും വിസ അപേക്ഷയിൽ നൽകിയിരിക്കുന്ന തീയതികളും തമ്മിൽ പൊരുത്തപ്പെടാതിരിക്കുന്നതും അപേക്ഷ തള്ളിക്കളയാൻ കാരണമാകും.
Content Highlights: The United Arab Emirates (UAE) has strict visa regulations, and applications are often rejected due to common mistakes. Here are the main reasons for UAE visa rejection