

യുഎഇയിലേക്ക് സന്ദർശനത്തിനും വിനോദസഞ്ചാരത്തിനുമായി എത്തുന്ന ഇന്ത്യക്കാർ മതിയായ മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ കോൺസുലേറ്റ് ജനറലും നിർദേശിച്ചു. അപ്രതീക്ഷിത രോഗങ്ങളോ അടിയന്തര ചികിത്സാ സാഹചര്യങ്ങളോ ഉണ്ടായാൽ വലിയ തുക ചികിത്സാച്ചെലവായി നൽകേണ്ടിവരുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.
ചികിത്സയ്ക്കായി വരുന്ന ചെലവ് രോഗികൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ താങ്ങാനാകാത്ത സാഹചര്യമുണ്ടാകുന്നതായും ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയില്ലാത്തത് പ്രതിസന്ധി വർധിപ്പിക്കുന്നതായും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ അറിയിച്ചു. സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് മതിയായ മെഡിക്കൽ ഇൻഷുറൻസ് എടുക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്. അപ്രതീക്ഷിത മെഡിക്കൽ അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കേണ്ടിവന്നാൽ അതിനുള്ള ചെലവും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.
സാധ്യമായിടത്ത് പണം മുൻകൂറായി നൽകാതെ ചികിത്സ ലഭ്യമാക്കുന്ന ക്യാഷ്ലെസ് സൗകര്യവും പോളിസിയിൽ ഉണ്ടോയെന്ന് പരിശോധിക്കണം. ചികിത്സാ ചെലവുകൾക്കുള്ള പരിരക്ഷ മാത്രമല്ല അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യയിലേക്ക് വൈദ്യസഹായത്തോടെ തിരിച്ചെത്തിക്കുന്നതിനുള്ള ചെലവും പരിഗണിക്കണമെന്നാണ് നിർദേശം. തൊഴിൽ വിസയിലോ ഡിപ്പൻഡൻസ് വിസയിലോ യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരും നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ് പോളിസി പരിശോധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. യുഎഇയിലെ ചികിത്സാ ചെലവുകൾക്കും ആവശ്യമെങ്കിൽ ഇന്ത്യയിലേക്കുള്ള മെഡിക്കൽ തിരിച്ചയക്കലിനും ആവശ്യമായ പരിരക്ഷ നിലവിലെ ഇൻഷുറൻസിൽ ഉണ്ടെന്ന് ഉറപ്പാക്കണം.
ഇൻഷുറൻസ് ഉണ്ടെന്നതുകൊണ്ടുമാത്രം എല്ലാ ചികിത്സാ ചെലവുകളും പരിരക്ഷിക്കപ്പെടുമെന്ന് കരുതരുതെന്നും പോളിസിയിലെ നിബന്ധനകൾ പരിശോധിക്കേണ്ടതുണ്ടെന്നും അറിയിപ്പിൽ പറയുന്നു. യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരും ഇതിനകം രാജ്യത്ത് താമസിക്കുന്നവരും മെഡിക്കൽ ഇൻഷുറൻസിന്റെ പരിരക്ഷ, ക്യാഷ്ലെസ് ചികിത്സാ സൗകര്യം, അടിയന്തര സാഹചര്യങ്ങളിലെ തിരിച്ചയക്കൽ ചെലവുകൾ എന്നിവ മുൻകൂട്ടി പരിശോധിക്കണമെന്നാണ് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ നിർദേശം.
Content Highlights: The Indian Embassy in Abu Dhabi and the Indian Consulate in Dubai have advised Indian travellers and UAE residents to ensure adequate medical insurance, including cashless treatment and medical repatriation to India.