

ദുബായിലെ സ്‌കൂള്‍ പരിസരങ്ങളില്‍ ഇ-സ്‌കൂട്ടറുകള്‍ക്കും ഇലക്ട്രോണിക് ബൈക്കുകള്‍ക്കും നിരോധനവും കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്താനൊരുങ്ങി സ്‌കൂളുകള്‍. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നാണ് മുന്നറിയിപ്പ് നൽകി. പൊലീസിലും വിവരങ്ങള്‍ കൈമാറും. നിയമ ലംഘകരായ വിദ്യാര്‍ത്ഥികള്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുളള നടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇ-സ്‌കൂട്ടറുകള്‍ക്കും ഇ-ബൈക്കുകള്‍ക്കും സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമിയിലെ വിദ്യാലയത്തില്‍ തിങ്കളാഴ്ച മുതല്‍ നിരോധനം പ്രബല്യത്തില്‍ വരുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ജെംസ് എഡ്യൂക്കേഷന്റെ ഭാഗമായ സ്‌കൂളും കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
16 വയസില്‍ താഴെയുള്ള കുട്ടികള്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസില്‍ വിവരം അറിയിക്കുമെന്നും സ്‌കൂളുകളുടെ മുന്നറിയിപ്പില്‍ പറയുന്നു. നിയമലംഘകര്‍ക്ക് 'യെല്ലോ കാര്‍ഡ്' നല്‍കാനാണ് ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ പോലുള്ള സ്ഥാപനങ്ങളുടെ തീരുമാനം. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്യും. ഇതിന് പുറമെ നിയമം ലംഘിക്കുന്ന ഈ സ്‌കൂട്ടറുകളും ഇലക്ടോണിക് ബൈക്കുകളും പിടിച്ചെടുക്കുമെന്നും വിവിധ സ്‌കൂളുകള്‍ മുന്നറിയിപ്പ് നല്‍കി.
രക്ഷിതാക്കള്‍ നേരിട്ട് എത്തിയാല്‍ മാത്രമേ അവ വിട്ടുനല്‍കുകയുള്ളൂ. 2024-ല്‍ ഇ-സ്‌കൂട്ടറുകള്‍ ഉള്‍പ്പെട്ട 254 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 10 പേര്‍ ജീവന്‍ നഷ്ടമാവുകയും 259 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2025ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ മാത്രം
13 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇ-സ്‌കൂട്ടറുകളുടെ നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് ദുബായ് പൊലീസ് സ്വീകരിച്ചുവരുന്നത്. അമിത വേഗതയില്‍ വാഹനം ഓടിച്ച കൗമാരക്കാരായ നിരവധി ആളുകളും കഴിഞ്ഞ കാലങ്ങളില്‍ പിടിയിലായിട്ടുണ്ട്. ഹെല്‍മെറ്റ് ഇല്ലാതെയും ഹെഡ്ഫോണുകള്‍ ഉപയോഗിച്ചും ഗതാഗത നിയമങ്ങള്‍ പാലിക്കാതെയും യാത്ര ചെയ്യുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Content Highlights: Speed limits and movement regulations will be enforced on roads surrounding school entrances and exits. Authorities are also implementing monitoring systems to control circulation of e-vehicles in school zones. Parents, students, and riders are urged to adhere to safety guidelines. The new measures aim to enhance road safety, prevent accidents, and protect children in school areas.