ഓൺലൈൻ പാർട്ട് ടൈം ജോലിയുടെ പേരിൽ തട്ടിപ്പ് വർധിക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ

തട്ടിപ്പുകള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു

ഓൺലൈൻ പാർട്ട് ടൈം ജോലിയുടെ പേരിൽ തട്ടിപ്പ് വർധിക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ
dot image

യുഎഇയില്‍ ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലിയുടെ പേരില്‍ സൈബർ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തല്‍. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ബാങ്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും ദുബായ് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ട് ടൈം, വര്‍ക്ക് ഫ്രം ഹോം എന്നീ ജോലികളുടെ പേരിലുളള തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലുടെയും മെസേജിംഗ് ആപ്ലിക്കേഷനുകളിലൂടെയുമാണ് തട്ടിപ്പുകാര്‍ ഉദ്യോഗാര്‍ത്ഥികളെ കെണിയില്‍ വീഴ്ത്തുന്നത്. ആകര്‍ഷകമായ ശമ്പളം ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ലളിതമായ ഓണ്‍ലൈന്‍ ജോലികളിലൂടെ വേഗത്തില്‍ വരുമാനം നേടാമെന്നതാണ് തട്ടിപ്പുകാരുടെ പ്രധാന വാഗ്ദാനം. ഇതിന് പിന്നാലെ രജിസ്‌ട്രേഷന്‍ ഫീസ്, അക്കൗണ്ട് ആക്ടിവേഷന്‍ ഫീസ് തുടങ്ങിയ പേരുകളില്‍ പണം ആവശ്യപ്പെടുന്നതാണ് പതിവെന്നും പൊലീസ് വ്യക്തമാക്കുന്നു.

വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും ആവശ്യപ്പെടുന്ന തട്ടിപ്പുസംഘം ഇരകളറിയാതെ അവരെ നിയമവിരുദ്ധവും ദുരൂഹവുമായ സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ജാഗ്രത' എന്ന പേരില്‍ പ്രത്യക ബോധവത്കരണ ക്യാംപെയിനും ദുബായ് പൊലീസ് തുടക്കം കുറിച്ചു.

തൊഴില്‍ദാതാക്കള്‍ ഒരിക്കലും റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കാറില്ലെന്നും ഓണ്‍ലൈന്‍ ജോലി വാദ്ദാനം ചെയ്യുന്നവരുമായി ഇടപെടുന്നതിന് മുന്‍പ് അവരുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. ബാങ്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുത്. ജോലി ലഭിക്കുന്നതിനായി ഒരിക്കലും പണം നല്‍കേണ്ടതില്ലെന്നും ഔദ്യോഗിക അംഗീകാരവും വിശ്വാസ്യതയുമുള്ള സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകള്‍ നടത്തണമെന്നും പൊലീസ് വ്യക്തമാക്കി.

സംശയാസ്പദമായ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 901 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും പൊലീസ് ഉദ്യോഗാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഇ-ക്രൈം പ്ലാറ്റ്ഫോം വഴിയും പരാതിതള്‍ കൈമാറാനാകും.

Content Highlights: Authorities have issued a warning about the increasing number of online part-time job scams targeting individuals. Fraudulent job offers often promise easy money but require upfront payments or involve misleading claims.

dot image
To advertise here,contact us
dot image