

പ്രവാസികളെ വെട്ടിലാക്കി ഗള്‍ഫ് റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍. കേരളം ഉള്‍പ്പെടെയുളള വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വലിയ വർധനവ് ഉണ്ടായിരിക്കുന്നത്. ക്രിസ്മസ് പുതുവത്സര അവധിക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സാധാരണ ടിക്കറ്റ് നിരക്കിന്റെ മൂന്ന് ഇരട്ടിവരെയാണ് വിവിധ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.
നാളെ കോഴിക്കോട് നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാന്‍ ഒരു ടിക്കറ്റിന് ഏകദേശം 45,000 രൂപ വരെ നല്‍കേണ്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ ദുബായില്‍ നിന്ന് കോഴിക്കോട്ടുള്ള ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണ്. സാധാരണയായി 8,000 മുതല്‍ 14,000 രൂപക്ക് വരെ ടിക്കറ്റ് ലഭ്യമാക്കിയിരുന്ന സാഹചര്യത്തിലാണ് ഈ അസാധാരണ വര്‍ധന ഉണ്ടായിരിക്കുന്നത്. കോഴിക്കോട്-അബുദാബി റൂട്ടില്‍ 41,000 രൂപയാണ് ടിക്കറ്റ് നിരക്ക്.
അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യാന്‍ 15,000 രൂപ മാത്രമുള്ളപ്പോഴാണ് മടക്ക യാത്രക്ക് ഉയര്‍ന്ന തുക ഈടാക്കുന്നത്. കോഴിക്കോട്-ഷാര്‍ജ റൂട്ടില്‍ 46,000 രൂപ വരെ ഈടാക്കുമ്പോള്‍, ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടെത്താന്‍ പരമാവധി 18,000 രൂപ നല്‍കിയാല്‍ മതി. ഖത്തറിലേക്കുളള യാത്രക്കും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. കോഴിക്കോട്-ദോഹ റൂട്ടില്‍ 35,000 രൂപയും ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് 21,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ജിദ്ദയിലേക്ക് കോഴിക്കോട് നിന്നുള്ള യാത്രയ്ക്ക് 62,000 രൂപ വരെ ഈടാക്കുമ്പോള്‍ ജിദ്ദയില്‍ നിന്ന് തിരിച്ചെത്താന്‍ ഇതിന്റെ പകുതി തുക മതിയാകും. റിയാദ്, ദമാം റൂട്ടുകളിലും നാട്ടില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യം മുതലെടുത്താനാണ് വിമാന കമ്പനികളുടെ അമിത നിരക്ക് വര്‍ധന. അവധി ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം നാട്ടിലെത്തിയ നിരവധി പ്രവാസികളുടെ മടക്കയാത്രയാണ് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് മൂലം പ്രതിസന്ധിയിലായിരിക്കുന്നത്.
Content Highlights: Gulf airlines have raised ticket prices significantly on Gulf routes, impacting expatriates who rely on these services. The hike in fares has led to increased travel costs for many, particularly affecting the expatriate community