

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഒമാനില്‍ എത്തും. ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ പ്രഖ്യാപിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വ്യാഴാഴ്ച ഇന്ത്യന്‍ പ്രവാസി സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കും.
ജോര്‍ദാന്‍, എത്യോപ്പ്യ തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനില്‍ എത്തുന്നത്. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം കുടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യ - ഒമാന്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ പ്രഖ്യാപിക്കുമോ എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇരു രാജ്യങ്ങളിലെയും വ്യാപാര-സാമ്പത്തിക -വ്യവസായ രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. വിവിധ മേഖലകളിലെ ചര്‍ച്ചകള്‍ക്കായി ഉന്നതതല സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. പ്രതിരോധം, സാമ്പത്തികം, ഊര്‍ജ്ജം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് പ്രധാനമായും ചര്‍ച്ച. വ്യാഴാഴ്ച ഇന്ത്യന്‍ പ്രവാസി സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ഒമാന്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷണല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ 3,000ത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഇന്ത്യയും ഒമാനുള്ള തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായിക്കുമെന്ന് ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ജി. വി ശ്രീനിവാസ് പറഞ്ഞു.
ഇന്ത്യയും ഒമാനും തമ്മില്‍ നയതന്ത്രം സ്ഥാപിച്ചതിന്റെ 70-ാം വര്‍ഷത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മോദിയുടെ രണ്ടാമത് ഒമാന്‍ സന്ദര്‍ശനമാണ് ഇത്തവണത്തേത്. 2018 ഫെബ്രുവരിയിലാണ് ഇതിന് മുമ്പ് മോദി ഒമാനില്‍ എത്തിയത്.
Content Highlights: Narendra Modi will visit Oman tomorrow