ഷാര്‍ജയില്‍ വന്‍ ലഹരിമരുന്നു വേട്ട; ശക്തമായ നടപടി തുടരുമെന്ന് ഷാർ‌ജ പൊലീസ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനക്കായാണ് മയക്കുമരുന്നു എത്തിച്ചത്

ഷാര്‍ജയില്‍ വന്‍ ലഹരിമരുന്നു വേട്ട; ശക്തമായ നടപടി തുടരുമെന്ന് ഷാർ‌ജ പൊലീസ്
dot image

ഷാര്‍ജയില്‍ വന്‍ ലഹരിമരുന്നു വേട്ട. 17 കിലോഗ്രാമിലേറെ കൊക്കെയ്ന്‍ ഷാര്‍ജ പൊലീസിന് കീഴിലെ ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം പിടികൂടി. ലഹരി സംഘത്തിനെതിരായ ശക്തമായ പോരാട്ടം തുടരുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. കസ്റ്റംസ്, ഫ്രീസോണ്‍സ് അതോറിറ്റി തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെയാണ് നാല് രാജ്യങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന രാജ്യാന്തര ലഹരി ശൃംഖലയെ ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം പിടികൂടിയത്.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനക്കായാണ് മയക്കുമരുന്നു എത്തിച്ചത്. മറ്റൊരു ഗള്‍ഫ് രാജ്യത്തിലൂടെ യുഎഇയില്‍ എത്തിയ ഏഷ്യന്‍ പൗരനെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു ഇയാള്‍. പിന്നാലെ ലഹരിമരുന്ന് ഏറ്റുവാങ്ങാനെത്തിയ രണ്ട് ആഫ്രിക്കന്‍ പൗരന്മാരെയും സ്ഥലത്തുവെച്ചുതന്നെ പിടികൂടി.

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്തു. 12 കിലോയിലധികം തൂക്കം വരുന്ന കൊക്കെയ്ന്‍ ഉള്‍പ്പെടെയുളള ലഹരി വസ്തുക്കളാണ് ആദ്യം കണ്ടെത്തിയത്. മറ്റൊരു കേന്ദ്രത്തില്‍ നിന്ന് അഞ്ച് കിലോഗ്രാം കൊക്കെയ്‌നും പിന്നീട് പിടികൂടി. ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മാജിദ് സുല്‍ത്താന്‍ അല്‍ അസത്തിന്റെ നേതൃത്വത്തിലായിരുന്നു ഓപറേഷന്‍.

ലഹരി വേട്ടയിലൂടെ ഷാര്‍ജയുടെ സുരക്ഷാ സന്നദ്ധതയും പ്രവര്‍ത്തന മികവും വീണ്ടും തെളിഞ്ഞതായും ലഹരി മാഫിയക്ക് എതിരായ ശക്തമായ പോരാട്ടം തുടരുമെന്നും ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ വ്യക്തമാക്കി. പ്രാദേശിക, ഫെഡറല്‍, രാജ്യാന്തര തലങ്ങളിലുള്ള ഏജന്‍സികളുമായി സഹകരിച്ചാണ് ലഹരി സംഘത്തിനെതിരായ നടപടി തുടരുന്നത്. സമൂഹത്തെ ലഹരിയുടെ ഭീഷണിയില്‍ നിന്ന് സംരക്ഷിക്കാന്‍ പൊലീസ് പ്രതിഞ്ജാ ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Sharjah Police seize 17kg of cocaine in two major smuggling busts

dot image
To advertise here,contact us
dot image