

അബുദാബി: മാലിയിലേക്കുള്ള യാത്രകള്‍ക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ. സ്വന്തം പൗരന്മാരോട് എത്രയും വേഗം പശ്ചിമാഫ്രിക്കൻ രാജ്യത്ത് നിന്നും മടങ്ങി വരാനും അധികൃതർ ആവശ്യപ്പെട്ടു. മാലിയിൽ നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും ഗുരുതരമായ അപകടസാധ്യതകളും കണക്കിലെടുത്താണ് തീരുമാനം. എമിറാത്തി പൗരന്മാർ മാലി റിപ്പബ്ലിക്കിലേക്ക് യാത്ര ചെയ്യുന്നത് പൂർണമായും വിലക്കിയിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്കമാത്തുന്നത്.
നിലവിൽ മാലിയിൽ സന്ദർശനത്തിലുള്ള യുഎഇ പൗരന്മാരോട് കഴിയുന്നതും വേഗം നാട്ടിലേക്ക് മടങ്ങാൻ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. “മാലിയിലെ നിലവിലെ സാഹചര്യങ്ങൾ പൗരന്മാരുടെ സുരക്ഷിതത്വത്തിന് ഗുരുതര വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഏറ്റവും ഉയർന്ന ജാഗ്രത പാലിക്കുകയും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം,” മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
അത്യാഹിത സാഹചര്യങ്ങളിൽ സഹായം തേടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്‌ലൈൻ നമ്പറും മന്ത്രാലയം പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. മാലിയിലുള്ള പൗരന്മാർ ഈ സൗകര്യം ഉടൻ ഉപയോഗപ്പെടുത്തി സുരക്ഷിതമായി മടങ്ങിവരാൻ മന്ത്രാലയം ആവശ്യപ്പെട്ടു.
ഭീകരാക്രമണങ്ങൾ, ആഭ്യന്തര കലാപങ്ങൾ, സുരക്ഷാ സൈന്യവുമായുള്ള സംഘർഷങ്ങൾ എന്നിവ മാലിയിൽ തുടർഭീഷണിയായി തുടരുന്ന പശ്ചാത്തലത്തിലാണ് യുഎഇയുടെ ഈ കർശന നടപടി. പല രാജ്യങ്ങളും മാലിയിലേക്കുള്ള യാത്രാ മുന്നറിയിപ്പുകൾ ഉയർത്തിയിട്ടുണ്ടെങ്കിലും, പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തി പൗരന്മാരെ തിരിച്ചുവിളിക്കുന്നത് യുഎഇയുടെ ഭാഗത്ത് നിന്ന് അപൂർവ നടപടിയാണ്. യുഎഇ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സമീപകാലത്തായി മാലിയില്‍ അൽ-ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമീൻ (ജെഎൻഐഎം) പ്രവർത്തനം ശക്തമാക്കി വരികയാണ്. രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും സംഘടനയാണ് ഭരണ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. നികുതി പിരിക്കുന്നതും നിയമങ്ങള്‍ നടപ്പിലാക്കുന്നതും ഇവർ തന്നെ. ഒരുകാലത്ത് സജീവമായ ജനാധിപത്യ രാഷ്ട്രമായിരുന്നു മാലിയെങ്കിലും 2022 ല്‍ ഭരണംകൂടം തകർന്നു. തുടർന്നാണ് രാജ്യത്ത് ജെഎന്‍ഐഎം പിടിമുറുക്കുന്നത്.