

ശമ്പളം കിട്ടിയാല്‍ ഭൂരിപക്ഷം പ്രവാസികളും ആദ്യം ചെയ്യുന്നത് നാട്ടിലേക്കുള്ള പണം അയക്കലാണ്. സമീപകാലത്ത് രൂപ-ദിർഹം വിനിമയ നിരക്കിലുണ്ടായ അന്തരം പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമായി മാറുകയും ചെയ്യുന്നു. നിലവില്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 24.40 എന്ന നിലയിലാണ് യുഎഇ ദിർഹത്തിന്‍റെ മൂല്യം. ഈ നിരക്കില്‍ 1000 ദിർഹം നാട്ടിലേക്ക് അയക്കുന്ന ഒരു ഇന്ത്യന്‍ പ്രവാസിക്ക് ലഭിക്കുന്നത് 244000 രൂപയാണ്. വിനിമയ നിരക്കിലുണ്ടായ ഈ വർധനവിന്‍റെ ആനുകൂല്യം മുതലെടുക്കുന്നതിനായി കടം വാങ്ങിയും മറ്റും സ്വന്തം വീടുകളിലേക്ക് പണം അയക്കുന്നുവരുണ്ട്. എന്നാല്‍ സ്വർണ വില റെക്കോർഡ് നിരക്കിലേക്ക് ഉയർന്നതോടെ നാട്ടിലേക്ക് പണം അയക്കുന്നതിന് പകരം സ്വർണം വാങ്ങിക്കൊണ്ട് പോകുന്നത് അല്ലേ ലാഭമെന്ന ചിന്ത ഒരു വിഭാഗം പ്രവാസികളെങ്കിലും ശക്തമാണ്.
ഇന്ത്യയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ദുബായില്‍ സ്വർണം ലഭിക്കുന്നു എന്നതാണ് ഇത്തരമൊരു ചിന്തയുടെ അടിസ്ഥാനം. പവന് 95480 രൂപ എന്നതാണ് ഇന്ന് കേരളത്തിലെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില. ദുബായിലെ നിരക്ക് 3766 ദിർഹം (91897.93 ഇന്ത്യന്‍ രൂപ). അതായത് ദുബായില്‍ നിന്നും സ്വർണം വാങ്ങുന്ന പ്രവാസിക്ക് ഒരു പവനില്‍ മാത്രം ലഭിക്കുന്ന ലാഭം 3583 രൂപ. ആറുശതമാനം വരുന്ന കസ്റ്റംസ് നികുതി, ജിഎസ്ടി തുടങ്ങിയ വിവിധ ഘടകങ്ങളാണ് ഇന്ത്യയിലേയും യുഎഇയിലേയും സ്വർണവിലകള്‍ തമ്മിലുള്ള അന്തരത്തിന്‍റെ പ്രധാന കാരണങ്ങള്‍.
പ്രവാസികള്‍ക്ക് നികുതി അടച്ച് ഒരു കിലോ വരെ സ്വർണം ആഭരണമായോ കട്ടിയായോ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. നികുതിയില്ലാതെ കൊണ്ടുവരണമെങ്കില്‍ പരിധികളില്‍ ചില വ്യത്യാസങ്ങളുണ്ട്. കുറഞ്ഞത് ആറുമാസമെങ്കിലും വിദേശത്ത് താമസിച്ച ഒരു പുരുഷന് 20 ഗ്രാം വരെ സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നികുതി അടക്കേണ്ടതില്ല. യാത്രക്കാർ സ്ത്രീകള്‍ ആണെങ്കില്‍ 40 ഗ്രാം വരെയുള്ള സ്വർണത്തിനാണ് നികുതി ഇളവ് ലഭിക്കുക. നേരത്തെ യാഥാക്രമം 50000, 10000 ലക്ഷ്യം എന്നിങ്ങനെ മൂല്യം അടിസ്ഥാനമാക്കിയുള്ള പരിധികളും ഉണ്ടായിരുന്നെങ്കിലും വില വർധനവിന്‍റെ പശ്ചാത്തലത്തില്‍ ഈ നിബന്ധനയില്‍ ചില ഇളവുകള്‍ അനുവദിക്കുന്നുണ്ട്.
നികുതിയില്ലാതെ കൊണ്ടുപോകാന്‍ സാധിക്കുന്നത് സ്വർണത്തിന്‍റെ അളവ് പരിമിതമായതിനാല്‍ തന്നെ ശമ്പളത്തിന് പകരം സ്വർണം നാട്ടിലേക്ക് എന്ന ചിന്ത സാമ്പത്തികമായി ഗുണപരമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ സ്വർണം കൊണ്ടുപോകുകയാണെങ്കില്‍ വ്യക്തികള്‍ 15 ശതമാനം കസ്റ്റംസ് നികുതി അടക്കമുള്ള ചാർജുകള്‍ അടക്കേണ്ടി വരും. നികുതി അടച്ചോ അല്ലാതെയോ സ്വർണം നാട്ടിലേക്ക് എത്തിച്ചാല്‍ തന്നെയും വിറ്റ് പണം ആക്കുമ്പോഴുള്ള പണിക്കൂലി (ആഭരണങ്ങള്‍ക്ക്) നഷ്ടം ഉള്‍പ്പെടേയുള്ള ഘടകങ്ങളുമുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ എല്ലാം പരിഗണിച്ചുകൊണ്ടാണ് സാധാരണ പ്രവാസികളിൽ 90 ശതമാനം പേർക്കും പണം അയക്കുന്നതാണ് ഏറ്റവും ലാഭകരവും സുരക്ഷിതവും എന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിലേക്ക് വിദേശനാണ്യം കൊണ്ടുവരുന്നതിന് നിലവില്‍ പരിധികളൊന്നും ഇല്ല എന്നതും പണം അയക്കുന്നത് അനുകൂലമായ സാഹചര്യമാണ്. അതേസമയം വലിയ തുകയാണെങ്കില്‍ ചില ഘട്ടങ്ങളില്‍ കണക്ക് വെളിപ്പെടുത്തേണ്ടി വരും. കറന്‍സിയായി കൊണ്ടുവരുന്ന തുക 5000 ഡോളറില്‍ കൂടുതലാണെങ്കിലോ മൊത്തം വിദേശനാണ്യം 10000 ഡോളര്‍ കടക്കുകയോ ചെയ്താല്‍ കണക്ക് കാണിക്കണം എന്നതാണ് ചട്ടം. അതേസമയം വിദേശത്ത് നിന്നും ഇന്ത്യന്‍ കറന്‍സികള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതില്‍ കർശനമായ നിയന്ത്രണങ്ങളുണ്ട്. ഇന്ത്യയിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് 25000 രൂപയുടെ വരെ കറന്‍സികള്‍ മാത്രമാണ് കൈവശം വെക്കാന്‍ അവകാശമുള്ളു.
Content Highlights: Dubai Gold Rate Is Rs 3500 Less Than In Kerala, But For Expatriates, The Real Benefit Is In Sending Money Home