

ദുബായ്: കിഫ്ബിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി വഴി സംസ്ഥാനത്ത് വികസനക്കുതിപ്പുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒൻപതര വര്‍ഷം കൊണ്ട് കേരളത്തില്‍ വലിയ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു. കിഫ്ബി രൂപീകരിച്ചത് നാടിന്റെ പശ്ചാത്തല സൗകര്യ വിസനത്തിന് സാമ്പത്തിക സ്രോതസ് കണ്ടെത്താന്‍ വേണ്ടിയാണ്. 96,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. ദേശീയപാത വികസനത്തിന് മാത്രം 5,600 കോടി നല്‍കിയത് കിഫ്ബിയില്‍ നിന്നാണ്. വികസനത്തിന്റെ തെളിവ് കേരളത്തിലെ എല്ലായിടത്തും കാണാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായില്‍ പ്രവാസി സാംസ്‌കാരിക സംഘടനയായ ഓര്‍മയുടെ നേതൃത്വത്തില്‍ സംഘടിക്കുന്ന കേരളോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബി മസാല ബോണ്ട് കേസിൽ ഇ ഡി നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ ദരിദ്രരുളള രാജ്യത്തെ ഒരു സംസ്ഥാനമാണ് അതിദാരിദ്ര്യം ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മുഖഛായ മാറ്റുന്ന നിരവധി പദ്ധതികള്‍ കഴിഞ്ഞ ഒന്‍പതര വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതയുടെ വികസനത്തിനൊപ്പം പൊതുവിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനായി. ഏഴ് വന്‍കിട പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടികളും പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത ലോക കേരളസഭ ഒരു മാസത്തിനകം നടക്കാന്‍ പോവുകയാണെന്നും നേരത്തെ വിട്ടുനിന്നതുപോലുള്ള ബുദ്ധിമോശം ചിലര്‍ ഇനി കാണിക്കില്ല എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Content Highlights- Chief minister pinarayi vijayan about kiifb