
യുഎഇയിൽ പുതിയ അപ്പാർട്ട്‌മെന്റിലേക്കോ വില്ലയിലേക്കോ താമസം മാറുമ്പോൾ പ്രതിമാസ വാടകയ്ക്ക് പുറമെ മറ്റ് അധിക ചെലവുകളും ഉണ്ടാകുമെന്ന് റിപ്പോർട്ട്. 'എജാരി' (Ejari) രജിസ്ട്രേഷൻ മുതൽ യൂട്ടിലിറ്റി ഡെപ്പോസിറ്റുകൾ (utility deposits), താമസസ്ഥലങ്ങൾ മാറുവാൻ സഹായിക്കുന്ന മൂവിങ് കമ്പനികളുടെ ഫീസ് (moving company fees) എന്നിവ വരെയുള്ള ചെലവുകളാണ് താമസം മാറുമ്പോൾ ഉണ്ടാകുക.
താമസം മാറുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ പ്ലാറ്റ്ഫോമാണ് എജാരി. ഇവിടെ രജിസ്റ്റർ ചെയ്യുന്നത് വാടക കരാറിന് നിയമപരമായ സാധുത നൽകുകയും മറ്റ് പ്രധാന സേവനങ്ങൾ ലഭിക്കാനും സഹായിക്കും. താമസസ്ഥലത്തെ വൈദ്യുതി, വെള്ളം എന്നിവയുടെ സേവനം ലഭിക്കുന്നതിന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ അക്കൗണ്ട് തുറക്കുന്നതിനും ആക്ടിവേറ്റ് ചെയ്യുന്നതിനും രജിസ്ട്രേഷൻ ഗുണം ചെയ്യും.
കുടുംബാംഗങ്ങൾക്കുള്ള (ഭാര്യ, കുട്ടികൾ) റെസിഡൻസി വിസ നടപടികൾ പൂർത്തിയാക്കാൻ താമസസ്ഥലം തെളിയിക്കുന്ന രേഖയായി എജാരി ആവശ്യമാണ്. ഹോം ഇൻ്റർനെറ്റ്, ലാൻഡ്‌ലൈൻ, ടിവി കണക്ഷനുകൾ എന്നിവ ലഭിക്കുന്നതിന് എജാരി രജിസ്ട്രേഷൻ സഹായിക്കും. വാടക തർക്കങ്ങൾ ഉണ്ടായാൽ, റെന്റൽ ഡിസ്‌പ്യൂട്ട് സെന്ററിനെ (RDC) സമീപിക്കാനും നിയമപരമായ നടപടികൾ ആരംഭിക്കാനും എജാരി സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്.
വാഹനങ്ങൾക്കുള്ള പാർക്കിംഗ് പെർമിറ്റ് എടുക്കുക, മറ്റ് പല സർക്കാർ സ്ഥാപനങ്ങളിലും താമസസ്ഥലം തെളിയിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കും എജാരി രജിസ്ട്രേഷൻ സഹായിക്കും. ഏകദേശം 220 മുതൽ 250 വരെ ദിർഹം നൽകിയാൽ എജാരി രജിസ്ട്രേഷന് സാധിക്കും.
താമസം മാറുന്നതിന് മുൻപ്, കെട്ടിട ഉടമയ്ക്ക് തിരികെ ലഭിക്കുന്ന ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റ് (Security Deposit) നൽകേണ്ടതുണ്ട്. വീടിന് ഉണ്ടാക്കാവുന്ന കേടുപാടുകൾക്കോ അടയ്ക്കാത്ത ബില്ലുകൾക്കോ വേണ്ടിയുള്ള ഒരു ഉറപ്പ് തുകയാണിത്. താമസം ഒഴിയുമ്പോൾ വീട് നല്ല നിലയിൽ വിട്ടുനൽകിയാൽ ഈ തുക നിങ്ങൾക്ക് തിരികെ ലഭിക്കുന്നതാണ്.
എജാരി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (DEWA)-യുടെ വെബ്‌സൈറ്റിലോ ആപ്പിലോ ലഭ്യമായ 'Move In' (താമസം ആരംഭിക്കുക) എന്ന സേവനം ഉപയോഗിച്ച് വൈദ്യുതി, വെള്ളം കണക്ഷനായി അപേക്ഷിക്കാം. ഇതിനായി ഒരു ആക്ടിവേഷൻ ഫീസും (Activation Fee) തിരികെ ലഭിക്കുന്ന ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റും (Refundable Security Deposit) അടയ്‌ക്കേണ്ടതുണ്ട്.
ദുബായ് മുനിസിപ്പാലിറ്റി ചുമത്തുന്ന ഹൗസിംഗ് ഫീസ് (Housing Fee) വാർഷിക വാടകയുടെ അഞ്ച് ശതമാനത്തിന് തുല്യമായിരിക്കും. ഈ തുക പ്രതിമാസ വൈദ്യുത, വെള്ളം ബില്ലിൽ ഉൾപ്പെടുത്തിയാണ് വരുന്നത്.
താമസം മാറുന്നതിന് പ്രൊഫഷണൽ മൂവേഴ്സിൻ്റെ (Professional Movers) സഹായം എളുപ്പമാക്കുമെങ്കിലും, അവരുടെ സേവനങ്ങൾക്ക് ചെലവുണ്ട്. പുതിയ വീടിൻ്റെ വലുപ്പം, സാധനങ്ങളുടെ എണ്ണം, ദൂരം, പാർക്കിംഗ്, ഫർണിച്ചർ അഴിച്ചുമാറ്റൽ, വീണ്ടും സ്ഥാപിക്കൽ പോലുള്ള അധിക സേവനങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും ഈ നിരക്കുകൾ.
Content Highlights: Renting in Dubai, extra costs to expect when moving into a new home