
മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം, വേദന, ചെറിയ മുഴകള്‍, അസ്വസ്ഥത..പൈല്‍സുള്ളവര്‍ക്ക് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങളാണ് ഇത്. എന്നാല്‍ ഈ ലക്ഷണങ്ങളെ പൈല്‍സ് എന്നുകരുതി അവഗണിക്കാതെ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം പൈല്‍സിനുമാത്രമല്ല മലദ്വാര അര്‍ബുദത്തിനും സമാനമായ ലക്ഷണങ്ങളാണ് ഉണ്ടാവുകയത്രേ. രണ്ടിന്റെയും ലക്ഷണങ്ങള്‍ സമാനമായതിനാല്‍ തന്നെ പലപ്പോഴും കാന്‍സര്‍ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. സ്വാഭാവികമായും രോഗ നിര്‍ണയവും ചികിത്സയും വൈകും. വളരെ കൃത്യതയോടെ നിരീക്ഷിക്കുകയാണെങ്കില്‍ ലക്ഷണങ്ങളില്‍ പ്രകടമായ ചില വ്യത്യാസങ്ങള്‍ മനസ്സിലാക്കാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
എന്താണ് പൈല്‍സ്?
മലദ്വാരത്തിലെ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന വീക്കമാണ് പൈല്‍സ് അഥവാ മൂലക്കുരു. ഈ വീക്കം വന്ന രക്തക്കുഴലുകളുടെ മുകളില്‍ മര്‍ദം കൂടുമ്പോഴാണ് അവ പൊട്ടി രക്തസ്രാവമുണ്ടാകുന്നത്. ഏത് പ്രായക്കാര്‍ക്കും പൈല്‍സ് ഉണ്ടാകാം. എങ്കിലും സാധാരണയായി പ്രായമായവരിലും ഗര്‍ഭിണികളിലുമാണ് ഇത് കണ്ടുവരുന്നത്. ചിലര്‍ക്ക് പാരമ്പര്യമായും ഈ രോഗം ഉണ്ടാകാറുണ്ട്.
ഇന്റേണല്‍ പൈല്‍സ്, എക്‌സ്റ്റേണല്‍ പൈല്‍സ് എന്നിങ്ങനെ രണ്ടു തരം പൈല്‍സ് ഉണ്ട്. ഇതില്‍ ആദ്യത്തേത് കാണാനോ സ്പര്‍ശിച്ച് മനസ്സിലാക്കാനോ സാധിക്കുന്നതല്ല. ചില സമയത്ത് ഇത് വലുതായി പുറത്തേക്ക് സ്വയം ഇറങ്ങുകയും കയറിപ്പോവുകയും ചെയ്യും ഇത് കഠിനമായ വേദനയാണ് നല്‍കുക. മലദ്വാരത്തിന് ചുറ്റുമുള്ള ചര്‍മത്തിലാണ് എക്‌സ്‌റ്റേണല്‍ പൈല്‍സ് ഉണ്ടാവുക. ഇത് കാണാനും തൊട്ടറിയാനും സാധിക്കും. മലവിസര്‍ജന സമയത്ത് വേദനയില്ലാതെ രക്തസ്രാവമുണ്ടാകുന്നതാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. അതുപോലെ മലദ്വാരത്തിന് ചുറ്റും ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടും.
ആരംഭകാലത്ത് ജീവിതശൈലിയിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കാറുണ്ട്. എന്നിട്ടും ഭേദമായില്ലെങ്കില്‍ സ്‌കളീറോ തെറാപ്പി, ലേസര്‍ തെറാപ്പി, ഹെമറോയ്‌ഡെക്ടമി ഉള്‍പ്പെടെയുള്ള ചികിത്സകളുണ്ട്.
മലദ്വാര അര്‍ബുദത്തെ അറിയാം
വളരെ അപൂര്‍വമായി കാണപ്പെടുന്ന, നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാനാകുന്ന കാന്‍സറാണ് മലദ്വാര അര്‍ബുദം. മലത്തില്‍ കാണപ്പെടുന്ന രക്തമാണ് ഇതിന്റെയും ആദ്യ ലക്ഷണം. പൈല്‍സിനുള്ളതുപോലെ മലദ്വാരത്തില്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെടാം. അര്‍ബുദം വളരുന്നതിന് അനുസരിച്ച് വേദനയും വര്‍ധിക്കും. മലദ്വാരത്തിന് സമീപമായി ഉണ്ടാകുന്ന മുഴയും തടിപ്പുമെല്ലാം പൈല്‍സായി തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണ്.
ശ്രദ്ധിച്ചാല്‍ വ്യത്യാസമറിയാം
മലദ്വാരത്തിന് സമീപമുണ്ടാകുന്ന മുഴ കനംവയ്ക്കുന്നുണ്ടെങ്കില്‍ അതത്ര നല്ല ലക്ഷണമല്ല. മലദ്വാരത്തില്‍ ചൊറിച്ചിലിനൊപ്പം സ്രവങ്ങള്‍ പുറന്തള്ളാനും സാധ്യതയുണ്ട്. മലവിസര്‍ജനത്തിലും പ്രകടമായ വ്യത്യാസങ്ങള്‍ കാണാം. മലബന്ധമോ, അതിസാരമോ അനുഭവപ്പെടും, മലം റിബണ്‍ പോലെ പോകുന്നത് ശ്രദ്ധിക്കണം. വല്ലാതെ ഭാരം കുറയുന്നതും ഈ അര്‍ബുദത്തിന്റെ ലക്ഷണമാണ്.
Content Highlights: Anal Cancer and Piles: Know the Distinct Symptoms