
കുട്ടികള്‍ക്ക് വിമാനയാത്രയ്ക്ക് ടിക്കറ്റ് എടുക്കണോ? പലര്‍ക്കുമുള്ള സംശയമാണ് ഇത്. ചിലരാകട്ടെ, ട്രെയിനിലും ബസിലും ഒരു നിശ്ചിത പ്രായം വരെ കുട്ടികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നുള്ളതിനാല്‍ വിമാനത്തിലും അങ്ങനെത്തന്നെയാണെന്ന് ചിന്തിക്കുന്നവരുമാണ്. എന്നാല്‍ അതാണോ സത്യം? ഇക്കാര്യത്തില്‍ ഓരോ എയര്‍ലൈന്‍സിനും തങ്ങളുടേതായ മാനദണ്ഡങ്ങളുണ്ട്. എത് എങ്ങനെയാണെന്ന് നോക്കാം.
രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ ആ കുട്ടിക്ക് വിമാനത്തില്‍ പ്രത്യേക സീറ്റ് ആവശ്യം വരുന്നില്ല. കുട്ടിക്ക് രക്ഷിതാവിന്റെ മടിയിലിരുന്ന് വിമാനയാത്ര ചെയ്യാം. എന്നിരുന്നാലും മിക്കവാറും എയര്‍ലൈനുകള്‍ ഈ കുട്ടികള്‍ക്ക് ഇന്‍ഫന്റ് ടിക്കറ്റ് ഈടാക്കാറുണ്ട്. സാധാരണ ടിക്കറ്റിനെ അപേക്ഷിച്ച് വളരെ കുറവായിരിക്കും ഈ ടിക്കറ്റിന് ഈടാക്കുന്ന തുക. സുരക്ഷയ്ക്കായി, കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബെല്‍റ്റുകളോ, അല്ലെങ്കില്‍ ബേബി ക്രാഡിലുകളോ എയര്‍ലൈന്‍ നല്‍കാറുമുണ്ട്. വിമാനയാത്രയില്‍ നിങ്ങള്‍ തനിച്ചാണെങ്കില്‍ മടിയില്‍ ഒരു കുഞ്ഞിനെ ഇരുത്താന്‍ മാത്രമേ സാധിക്കൂ എന്ന കാര്യവും മറക്കരുത്.
2 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍
2 വയസ്സുകഴിഞ്ഞാല്‍ കുട്ടികള്‍ക്ക് വിമാനയാത്രയില്‍ പ്രത്യേക സീറ്റ് നിര്‍ബന്ധമാണ്. മുതിര്‍ന്നവരുടെ ടിക്കറ്റ് തുകയായിരിക്കില്ല ഇവരുടെ ടിക്കറ്റിന് ഈടാക്കുക. അതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് ഓരോ എയര്‍ലൈനും കുട്ടികള്‍ക്കുള്ള ടിക്കറ്റിന് എത്രയാണ് ഈടാക്കുന്നത് എന്ന് നോക്കി കുറഞ്ഞ തുകയ്ക്ക് ടിക്കറ്റ് നല്‍കുന്ന എയര്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
12 വയസ്സ് കഴിഞ്ഞാല്‍
12 വയസ്സ് കഴിഞ്ഞ കുട്ടികള്‍ക്ക് ഫുള്‍ ടിക്കറ്റാണ് എല്ലാ എയര്‍ലൈന്‍സും ഈടാക്കുന്നത്. 12-17 വയസ്സുള്ള കുട്ടികള്‍ക്ക് വിമാനത്തില്‍ തനിയെ യാത്ര ചെയ്യാനും സാധിക്കും. അങ്ങനെയുള്ള സമയങ്ങളില്‍ ആരും കൂടെയില്ലാത്ത മൈനര്‍ അല്ലെങ്കില്‍ യങ് ട്രാവലര്‍ അസിസ്റ്റന്‍സ് സേവനവും ബുക്ക് ചെയ്യാം.
കുട്ടികളുമായി യാത്ര പുറപ്പെടും മുന്‍പ് എയര്‍ലൈന്‍സിന്റെ നയങ്ങളും ഡിസ്‌കൗണ്ടുകളും പരിശോധിക്കുന്നത് നന്നായിരിക്കും. കാരണം നേരത്തേ പറഞ്ഞതുപോലെ ഓരോ എയര്‍ലൈനും ഇക്കാര്യത്തില്‍ വ്യത്യസ്ത നയങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. അതായത് 2 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫുള്‍ ടിക്കറ്റിന്റെ ആവശ്യമില്ല, പക്ഷെ 2 വയസ്സുകഴിഞ്ഞാല്‍ അവര്‍ പ്രത്യേക സീറ്റില്‍ ഇരിക്കേണ്ടതുണ്ട്. 12 വയസ്സുകഴിഞ്ഞാല്‍ ഫുള്‍ ടിക്കറ്റ് വിമാനയാത്രയ്ക്ക് എടുക്കേണ്ടതുമുണ്ട്. കുട്ടികളുടെ പ്രായത്തിന് അനുസരിച്ചല്ല നിങ്ങള്‍ ടിക്കറ്റ് എടുത്തത് എങ്കില്‍ അതിനനുസരിച്ചുള്ള പിഴ ചിലപ്പോള്‍ ഈടാക്കിയേക്കാം. ബസ്സിലെ പോലെ പ്രായം മറച്ചുപിടിച്ച് ഹാഫ് ടിക്കറ്റ് എടുക്കാന്‍ മുതിരരുത് എന്ന് സാരം.
Content Highlights: Flight Tickets for Kids: What You Need to Know