എല്ലാവരും ട്രോളി, പക്ഷെ ഞാൻ ആർപ്പുവിളിച്ചു ആഘോഷിച്ചു; രജനി സിനിമയെക്കുറിച്ച് പ്രദീപ് രംഗനാഥൻ

'തിയേറ്ററിൽ അദ്ദേഹത്തിന്റെ ഫ്ലെക്സിന് ഞാൻ പാലഭിഷേകം ഒക്കെ നടത്തിയിട്ടുണ്ട്'

എല്ലാവരും ട്രോളി, പക്ഷെ ഞാൻ ആർപ്പുവിളിച്ചു ആഘോഷിച്ചു; രജനി സിനിമയെക്കുറിച്ച് പ്രദീപ് രംഗനാഥൻ
dot image

ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. താൻ ഒരു വലിയ രജനികാന്ത് ആരാധകൻ ആണെന്ന് മുൻപ് പല തവണ പ്രദീപ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ രജനി ചിത്രമായ ലിംഗ കാണാനായി തിയേറ്ററിൽ പോയപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടൻ.

'രജനികാന്തിന്റെ ലിംഗ റിലീസ് ചെയ്യുന്നതിന്റെ പിറ്റേന്ന് എനിക്ക് എക്സാം ഉണ്ടായിരുന്നു എന്നിട്ടും രാത്രി 12 മണിക്കുള്ള ആദ്യത്തെ ഷോയ്ക്ക് ഞാൻ പോയി. തിയേറ്ററിൽ അദ്ദേഹത്തിന്റെ ഫ്ലെക്സിന് ഞാൻ പാലഭിഷേകം ഒക്കെ നടത്തിയിട്ടുണ്ട്. ഇപ്പോഴും അതിന്റെ വീഡിയോ എന്റെ ഫേസ്ബുക്കിൽ ഉണ്ട്. സിനിമയുടെ ക്ലൈമാക്സിൽ രജനി സാർ ഒരു ബൈക്ക് ഓടിച്ച് വരുന്ന സീൻ ഉണ്ട്. അത് ഡ്യൂപ്പ് ആണെന്ന് കാണുമ്പോഴേ മനസിലാകും പക്ഷെ ഞാൻ എന്നെ തന്നെ അത് രജനി സാർ ആണെന്ന് പറഞ്ഞു കൺവിൻസ്‌ ചെയ്തു', പ്രദീപിന്റെ വാക്കുകൾ.

കെ എസ് രവികുമാർ സംവിധാനം ചെയ്ത സിനിമയാണ് ലിംഗ. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ പരാജയമായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾക്കും ഫൈറ്റുകൾക്കും വലിയ ട്രോളുകൾ ലഭിച്ചിരുന്നു. സന്താനം, അനുഷ്ക ഷെട്ടി, ജഗപതി ബാബു എന്നിവരും സിനിമയിൽ മറ്റു വേഷങ്ങളിൽ എത്തിയിരുന്നു. പടയപ്പയ്ക്ക് ശേഷം രജനികാന്തും കെ എസ് രവികുമാറും വീണ്ടും ഒന്നിച്ച സിനിമ ആയിരുന്നു ലിംഗ. 100 കോടി ബജറ്റിലായിരുന്നു സിനിമ ഒരുങ്ങിയത്.

അതേസമയം, നവാഗതനായ കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഡ്യൂഡ്' ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രദീപ് ചിത്രം. സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്. മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. സുധ കൊങ്കരയ്ക്ക് ഒപ്പം സൂരരൈ പോട്ര്, പാവൈ കഥൈകൾ എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ആൾ ആണ് കീർത്തിശ്വരൻ.

Content Highlights: Pradeep ranganadhan about Rajini film Lingaa

dot image
To advertise here,contact us
dot image