
യുദ്ധക്കെടുതി മൂലം വലയുന്ന ഗാസക്ക് വീണ്ടും സഹായവുമായി യുഎഇ ഭരണകൂടം. ദുരിതാശ്വ സാമഗ്രികളുമായി യുഎഇയില്‍ നിന്നുളള ഒമ്പതാമത് കപ്പല്‍ ഈജിപ്തിലേക്ക് പുറപ്പെട്ടു. ഭക്ഷ്യസാധനങ്ങളും മരുന്നും വസ്ത്രങ്ങളും ഉള്‍പ്പെടെയുളള അവശ്യവസ്തുക്കളാണ് കപ്പലിലുള്ളത്.
ഗാസക്ക് നല്‍കി വരുന്ന സഹായങ്ങളുടെ തുടര്‍ച്ചയായാണ് മറ്റൊരു കപ്പല്‍ കൂടി യു എ ഇയില്‍ നിന്ന് പുറപ്പെട്ടത്. അബുദാബി ഖലീഫ പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട കപ്പല്‍ ഈജിപ്തിലെ അല്‍അരിഷ് തുറമുഖത്താണ് എത്തിച്ചേരുക. 7,000 ടണ്‍ സാധനങ്ങളാണ് കപ്പലിലുള്ളത്. ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഗാസയില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍ക്ക് താമസിക്കുന്നതിനുള്ള ടെന്റുകളും പുതപ്പുകളും വസ്ത്രങ്ങളും കപ്പിലിലുണ്ട്.
7,000 ടണ്ണില്‍ 6,900 ടണ്ണും ഭക്ഷ്യവസ്തുക്കളാണ്. 100 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും ടെന്റുകളും ആണെന്ന് അധികൃതര്‍ വ്യക്തമാക്കി. അല്‍അരിഷില്‍ എത്തിക്കുന്ന ദുരിതാശ്വാസ സഹായം റഫാ അതിര്‍ത്തി വഴി ഗാസയില്‍ എത്തിച്ച് വിതരണം ചെയ്യും. ഗാസയില്‍ ഭക്ഷ്യവസ്തുക്കള്‍ അടക്കം ടണ്‍ കണക്കിന് ദുരിതാശ്വാസ സഹായമാണ് പലഘട്ടങ്ങളിലായി യു എ ഇ എത്തിച്ച് നല്‍കിയത്.
ഈജിപ്തില്‍ നിന്നും കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയും അടുത്തിടെ യുഎഇ പൂര്‍ത്തിയാക്കിയിരുന്നു. ഗാസക്ക് കൂടുതല്‍ സഹായം എത്തിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ യു എ ഇയില്‍ പുരോഗമിക്കുകയാണ്.
Content Highlights: UAE government again provides aid to war-torn Gaza