
നോർക്ക റൂട്സ് 2025 നവംബർ ഒന്ന് മുതൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന ആരോഗ്യ - അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും നിലവിൽ വിദേശത്തുള്ള പ്രവാസികൾക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകൾ, പ്രീമിയം, ആനുകൂല്യങ്ങൾ എന്നിവയിൽ ചേരാൻ അനുമതി നൽകണമെന്ന് പ്രവാസി ലീഗൽ സെൽ നിർവ്വഹണ ഏജൻസിയായ നോർക്ക റൂട്ട്സിനോടും കേരള സർക്കാരിനോടും ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ.
'ഈ പദ്ധതിയുടെ വിശദമായ നിബന്ധനകളും വ്യവസ്ഥകളും നോർക്ക റൂട്സ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. നോർക്ക റൂട്സിന്റേതായി പുറത്തുവന്നിട്ടുള്ള ബ്രോഷറുകളിൽ നിന്നും നോർക്ക റൂട്സ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകളിൽ നിന്നും മനസ്സിലാകുന്നത് 'പ്രവാസി ഐ ഡി കാർഡ്' ഉള്ളവർക്ക് അതിന്റെ കാലാവധി തീരുവോളം പദ്ധതി അംഗത്വം തുടരാമെന്നാണ്. മടങ്ങിവന്ന പ്രവാസികൾക്ക് നോർക്ക ഐ ഡി കാർഡ് അംഗത്വം പുതുതായി ലഭിക്കാനോ പുതുക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ "നോർക്ക കെയറിൽ" അംഗത്വം ലഭിക്കില്ല എന്നുള്ള കാര്യം വ്യക്തമാണ്.'
'വിദേശങ്ങളിൽ ജോലി നോക്കുന്ന/താമസിക്കുന്ന പ്രവാസികൾക്ക് റെസിഡന്റ് ഐ ഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്. എന്നാൽ വിദേശത്തുനിന്ന് മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ പ്രവാസികളാണ് കേരളത്തിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. പ്രത്യേകിച്ച് 60–70ലധികം പ്രായത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള മുതിർന്നവർ. പല വിദേശ പ്രവാസികൾക്കും അവരുടെ ആതിഥേയ രാജ്യത്തിൽ ഇന്‍ഷുറൻസ് നിലവിലുണ്ടാകാറുണ്ട്; അതിനാൽ യഥാർത്ഥ ആവശ്യം മടങ്ങിയെത്തിയ പ്രവാസികൾക്കാണ്. അതുകൊണ്ട് സർക്കാർ മടങ്ങിയെത്തിയ പ്രവാസികളും നോർക്ക കെയർ-ൽ ചേരാമെന്നത് വ്യക്തമാക്കുന്ന ഉത്തരവ് ഉടൻ പുറപ്പെടുവിക്കണണം.' നോർക്ക റൂട്സും ഇന്‍ഷുറൻസ് കമ്പനിയുമായി ചേർന്ന് പോളിസി ഷെഡ്യൂൾ ഭേദഗതി ചെയ്ത്, ആപ്പിലും പോർട്ടലിലും വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും പ്രവാസി ലീഗൽ സെൽ അഭ്യർത്ഥിച്ചു.
ഇതൊരു ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ആയതിനാൽ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാൽ നോർക്ക റൂട്ട്സിനോ സർക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല. ഇപ്പോഴത്തെ തീരുമാനപ്രകാരം എൻറോൾമെന്റ് വിൻഡോ 2025 സെപ്തംബർ 22 മുതൽ ഒക്ടോബർ 21 വരെ ആയതിനാൽ ആവശ്യമായ നടപടിക്രമങ്ങൾ ചെയ്ത് മടങ്ങിവന്ന പ്രവാസികളെക്കൂടി എത്രയും പെട്ടെന്ന് ഉൾപ്പെടുത്താൻ കഴിയും.' ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രിക്കും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്കും നോർക്ക റൂട്സ് സി ഇ ഓ-ക്കും പ്രവാസി ലീഗൽ സെൽ നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
Content Highlights: Pravasi Legal Cell demands 'Norka Care' scheme be extended to returning expatriates