എഐ നിർമിത ഹ്രസ്യചിത്രങ്ങൾക്ക് പുരസ്കാരം; പ്രഖ്യാപനുമായി യുഎഇ

ഗൂഗിൾ ജെമിനിയുമായി സഹകരിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക

എഐ നിർമിത ഹ്രസ്യചിത്രങ്ങൾക്ക് പുരസ്കാരം; പ്രഖ്യാപനുമായി യുഎഇ
dot image

ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ഉപയോ​ഗിച്ച് നിർമിക്കുന്ന ഹ്രസ്യചിത്രങ്ങൾക്ക് പുരസ്കാരം പ്രഖ്യാപിച്ച് യുഎഇ ​ഗവൺമെന്റ്. 10 ലക്ഷം ഡോളറാണ് പുരസ്കാരം നൽകുക. ലോകത്ത് ഇതാദ്യമായാണ് ഒരു രാജ്യം നിർമിത ബുദ്ധി ഉപയോ​ഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പുരസ്കാരം പ്രഖ്യാപിക്കുന്നത്. യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ​ഗെർ​ഗാവിയാണ് ഇക്കാര്യം അറിയിച്ചത്.

ഗൂഗിൾ ജെമിനിയുമായി സഹകരിച്ചാണ് എഐ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. മികച്ച എഐ നിർമിത ഹ്രസ്വചിത്രങ്ങളെയാണ് ഇതിലൂടെ കണ്ടെത്തുക. സർഗ്ഗാത്മകത, യാഥാർത്ഥ്യം, മാനുഷിക സന്ദേശങ്ങളോടുള്ള പ്രതിബദ്ധത എന്നിവ പ്രകടമാക്കുന്ന ചിത്രങ്ങൾക്കാണ് ഈ പുരസ്കാരം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ചിത്രങ്ങൾ '1 ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റ് 2026' ഉച്ചകോടിക്കിടെ പ്രദർശിപ്പിക്കും. മത്സരത്തിന്റെ മുഴുവൻ വിവരങ്ങളും സെപ്റ്റംബറിൽ പ്രഖ്യാപിക്കും.

സര്‍ഗ്ഗാത്മകതയും നിർമിതബുദ്ധിയും ഒത്തുചേരുമ്പോൾ നേടാൻ സാധിക്കുന്നതെന്തെന്ന് അറിയിക്കുക എന്നതിന്റെ ആദ്യ ചുവടുവെപ്പാണ് പുരസ്കാരമെന്ന് അധികൃതർ പറഞ്ഞു. സർ​ഗാത്മകതയുടെ ഭാവി കണ്ടെത്താനുള്ള ശ്രമത്തിൽ എഐ പ്ലാറ്റ്ഫോമായ ഗൂഗിൾ ജെമിനിയുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

2026 ജനുവരി ഒമ്പത് മുതൽ 11 വരെയാണ് ഉച്ചകോടി നടക്കുക. 400ത്തിലധികം പ്രഭാഷകർ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പുതിയ പ്രതിഭകളെ കണ്ടെത്താനും അവർക്ക് പരിശീലനം നൽകാനും കണ്ടന്റ് ക്രീയേറ്ററുമാരുമായി സഹകരിച്ച് യുഎഇയിലെ നിക്ഷേപ പദ്ധതിയുടെ രണ്ടാം പതിപ്പും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളായ ടിക്ടോക്, സ്നാപ്ചാറ്റ് തുടങ്ങിയവരുമായി സഹകരിച്ചാണ് യുഎഇ ഗവൺമെന്റ് മീഡിയ ഓഫിസ് പരിപാടി സംഘടിപ്പിക്കുന്നത്. പുരസ്കാരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ അധികൃതർ പുറത്തുവിടും.

Content Highlights: Dubai launches $1-million global AI film award

dot image
To advertise here,contact us
dot image