
തിരുവനന്തപുരം: തൃശ്ശൂരിലെ സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് അധ്യാപിക ശബ്ദ സന്ദേശം അയച്ച സംഭവത്തിൽ വിമര്‍ശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇത് വളരെ ഗൗരവകരമായ വിഷയമാണെന്നും സ്‌കൂളുകളിൽ ഒരു തരത്തിലുള്ള വേർതിരിവുകളും പാടില്ലെന്നും മന്ത്രി പറഞ്ഞു. ജാതിയും മതവും നോക്കിയല്ല കുട്ടികളെ പരിഗണിക്കുന്നതെന്നും വിഷയത്തില്‍ തൃശ്ശൂര്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. എല്ലാ ആഘോഷങ്ങളും കുട്ടികള്‍ക്ക് സന്തോഷിക്കാനുള്ള അവസരമാണ്. അവരുടെ മനസില്‍ വേര്‍തിരിവുകള്‍ ഉണ്ടാക്കരുത്. സ്കൂളുകളില്‍ യാതൊരു വേര്‍തിരിവും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്താക്കി.
ഓണപരിപാടി നടക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളില്‍ ഉണ്ടാകും. വിഷവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഓണ അവധിയിൽ അനാവശ്യ പ്രശ്‌നങ്ങള്‍ വേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. ഓണ അവധിയിൽ യാതൊരു മാറ്റവുമില്ല. പുറത്തിറങ്ങിയ അക്കാദമിക് കലണ്ടര്‍ പ്രകാരം കാര്യങ്ങള്‍ മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലാണ് ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്‌ലിങ്ങള്‍ ഇതില്‍ പങ്കാളികളാകരുതെന്നും ആവശ്യപ്പെട്ട് അധ്യാപിക രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ചത്. വിഷയത്തിൽ കുന്നംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണ ഓണം ആഘോഷിക്കേണ്ടതില്ല. ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാല്‍ ഇസ്ലാം മതവിശ്വാസികള്‍ അതിനോട് സഹകരിക്കരുത്. നമ്മള്‍ മുസ്‌ലിങ്ങള്‍ ഇസ്‌ലാം മതത്തെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടവരാണ് തുടങ്ങിയ കാര്യങ്ങളും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളെ മതപരമായി വേര്‍തിരിക്കുന്ന പരാമര്‍ശങ്ങളാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്.
Content Highlights:V Sivankutty reacts on teacher who said parents to onam should not be celebrated in school