
ഓവല്‍ ടെസ്റ്റിനിടെ ബെൻ ഡക്കറ്റിനെ പുറത്താക്കിയ ശേഷം ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ് നടത്തിയ സെലിബ്രേഷന്‍ വലിയ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. പുറത്തായ ഡക്കറ്റിനെ തോളിൽ കയ്യിട്ട് യാത്രയാക്കുന്ന ആകാശിന്‍റെ ദൃശ്യങ്ങള്‍ മുൻ ഇംഗ്ലീഷ് താരങ്ങളെയടക്കം ചൊടിപ്പിച്ചു.
ഡക്കറ്റിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ആകാശിന്റെ മുഖത്ത് ഇടിക്കുമായിരുന്നു എന്നാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് പ്രതികരിച്ചത്. എന്നാൽ പിന്നീട് ഇന്ത്യൻ ഇന്നിങ്‌സിൽ ആകാശ് ബാറ്റ് ചെയ്യാനെത്തിയപ്പോൾ ഡക്കറ്റ് താരത്തിന് അടുത്തെത്തി സൗഹൃദം പങ്കിടുന്നത് കാണാമായിരുന്നു. മൈതാനത്ത് വച്ച് തന്നെ മഞ്ഞുരുകി.
ഇപ്പോഴിതാ ഡക്കറ്റിനെ പുറത്താക്കിയ ശേഷം ഇംഗ്ലീഷ് താരത്തോട് പറഞ്ഞതെന്താണ് എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആകാശ്. 'അതിന് മുമ്പ് മൂന്നോ നാലോ തവണ ഞാൻ ഡക്കറ്റിനെ പുറത്താക്കിയിട്ടുണ്ട്. ഓവലിൽ ബാറ്റിങ്ങിനായി ക്രീസിലെത്തിയപ്പോൾ ഇക്കുറി നിനക്ക് എന്നെ പുറത്താക്കാനാവില്ല എന്ന് ഡക്കറ്റ് എന്നോട് പറഞ്ഞു. എന്നാൽ ഞാൻ തന്നെ അയാളുടെ വിക്കറ്റടെുത്തു. ഡക്കറ്റിനരികിലേക്ക് നടന്നെത്തിയ ശേഷം ഞാൻ ഇങ്ങനെ പറഞ്ഞു. സുഹൃത്തേ.. ഇനി പോയി വിശ്രമിക്കൂ'- ആകാശ് പറഞ്ഞു വച്ചു.
ആറ് ഇന്നിങ്‌സുകളിൽ ഡക്കറ്റിനെതിരെ പന്തെറിഞ്ഞിട്ടുള്ള ആകാശ് നാല് തവണ ഇംഗ്ലീഷ് താരത്തെ വീഴ്ത്തി. വെറും 55 റൺസാണ് ആകാശിനെതിരെ ഡക്കറ്റിന് അടിച്ചെടുക്കാനായത്. എഡ്ജ്ബാസ്റ്റണിൽ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആകാശ് ഓവലിൽ നൈറ്റ് വാച്ച്മാനായെത്തി അർധ സെഞ്ച്വറി കുറിച്ചിരുന്നു.