യുഎഇയിലെ സ്കൂളുകൾ നാളെ തുറക്കും; സ്കൂൾ ബസ് തിരക്ക് നിയന്ത്രിക്കാൻ അധികൃതർ

രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് യു എ ഇയിലെ വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നത്

dot image

മധ്യവേനലവധിക്ക് ശേഷം യുഎഇയിലെ സ്‌കൂളുകള്‍ നാളെ തുറക്കും. വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും വിദ്യാലയങ്ങളില്‍ പൂര്‍ത്തിയായി. പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നതോടെ ആയിരക്കണക്കിന് സ്‌കൂള്‍ ബസുകളാകും നാളെ നിരത്തുകളില്‍ ഇറങ്ങുക. സ്‌കൂള്‍ ബസുകളുടെ സ്റ്റോപ് ബോര്‍ഡ് അവഗണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിവിധ എമിറേറ്റിലെ പൊലീസ് സേനകള്‍ അറിയിച്ചു.

രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് യു എ ഇയിലെ വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നത്. സ്‌കൂള്‍ തുറക്കുന്ന ദിനമായ നാളെ റോഡുകളില്‍ വാഹനങ്ങളുടെ വലിയ തിരക്ക് ഉണ്ടാകുമെന്നാണ് പോലീസ് വിലയിരുത്തുന്നത്. 10,000ത്തിലധികം സ്‌കൂള്‍ ബസുകള്‍ ഒരു ഇടവേളക്ക് ശേഷം യുഎഇയിലെ നിരത്തുകളിലേക്ക് എത്തുന്നതാണ് ഇതിന് കാരണം.

സ്‌കൂള്‍ മേഖലകളിലും ആളുകള്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലും രാവിലെയും ഉച്ചക്ക് ശേഷവും ആയിരിക്കും ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുക. യുഎഇ ആഭ്യന്തരമന്ത്രാലയം, പൊലീസ് സേനകള്‍, ഗതാഗത അതോരിറ്റികള്‍ എന്നിവ സ്‌കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് വിപുലമായ സുരക്ഷാ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

സ്‌കൂള്‍ ബസുകളുടെ സ്റ്റോപ് ബോര്‍ഡ് അവഗണിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ആയിരം ദിര്‍ഹം പിഴയും പത്ത് ബ്ലാക് പോയിന്റുമാണ് ശിക്ഷ. സ്‌കൂളുകള്‍ക്ക് സമീപത്ത് അമിതവേഗതയില്‍ വാഹനം ഓടിച്ചാല്‍ 300 മുതല്‍ 3,000 ദിര്‍ഹം വരെ പിഴ നല്‍കേണ്ടിവരും. സ്‌കൂളുകള്‍ക്ക് സമീപം നിയമവിരുദ്ധമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹവും പിഴ ഈടാക്കും. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടി പൊലീസ് സേന ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു.

Content Highlights: Schools in UAE to reopen tomorrow; authorities to control school bus congestion

dot image
To advertise here,contact us
dot image