
ലഹരിക്കതിരെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങി യുഎഇ. രാജ്യത്തെ ലഹരി വിരുദ്ധ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ദേശീയ ലഹരി വിരുദ്ധ അതോറിറ്റി നിലവില്‍ വന്നു. ഷെയ്ഖ് സായിദ് ബിന്‍ ഹമദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാനാണ് അതോറിറ്റിയുടെ ചെയര്‍മാന്‍. യുഎഇയിലേക്കുളള ലഹരി കടത്തും വിപണവും പൂര്‍ണമായും തടയുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ ലഹരി വിരുദ്ധ അതോറിറ്റിക്ക് ഭരണകൂടം രൂപം നല്‍കിയിരിക്കുന്നത്. ലഹരിയുടെ ഉപയോഗം തടയുന്നതിന് വിവിധ എമിറേറ്റുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം.
ഷെയ്ഖ് സായിദ് ബിന്‍ ഹമദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ അധ്യക്ഷനായ അതോറിറ്റി യുഎഇ മന്ത്രിസഭയുടെ ഭാഗമായി സ്വതന്ത്ര വകുപ്പായി പ്രവര്‍ത്തിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായിരുന്ന ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആന്റി നര്‍ക്കോട്ടിക്‌സിന് പകരമാണ് പുതിയ അതോറിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്.
ലഹരികടത്ത്, വിതരണം എന്നിവ തടയുന്നതിനായി ദേശീയ തലത്തിലും എമിറേറ്റുകളിലും പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ സഹായം അതോറിറ്റി തേടും. പൊലീസ്, ജുഡീഷ്യല്‍ വകുപ്പുകളുമായി സഹകരിച്ചാകും ലഹരി വിരുദ്ധ പോരാട്ടം. ലഹരിവ്യാപനം തടയാന്‍ നിലവിലെ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താനും പുതിയ നിയമം രൂപീകരിക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്.
മന്ത്രിസഭയുടെ അനുമതിയോടെയാകും പുതിയ നിയമങ്ങള്‍ നടപ്പിലാക്കുക. വിമാനതാവളങ്ങള്‍, കര, സമുദ്ര അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കും. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഡേറ്റ ബേസിനും അതോറിറ്റി രൂപം നല്‍കും. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ എല്ലാ ഏജന്‍സികള്‍ക്കും പരിശോധിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും ഡേറ്റാബേസ് തയ്യാറാക്കുക.
Content Highlights: UAE to fight drug addiction vigorously