

സൗദി അറേബ്യയിലെ പരുന്ത് പ്രേമികൾ കാത്തിരുന്ന വാർഷിക ലേലത്തിന് വീണ്ടും തുടക്കമാകുന്നു. നാഷണൽ സെന്റർ ഫോർ ഫാൽക്കൺസിന്റെ നേതൃത്വത്തിൽ ഏഴാമത് വാർഷിക ഫാൽക്കൺ ലേലം ഒക്ടോബർ ഒന്ന് മുതൽ നവംബർ 30 വരെ റിയാദിൽ നടക്കും. ദശലക്ഷക്കണക്കിന് സൗദി റിയാലിന്റെ വ്യാപാരമാണ് ഈ ലേലത്തിലൂടെ നടക്കുന്നത്.
സൗദി അറേബ്യയിൽ പ്രാദേശികമായി പിടികൂടുന്ന ഫാൽക്കണുകളുടെ വാർഷിക ലേലം റിയാദിലെ മൽഹാമയിലാണ് നടക്കുക. നാഷണൽ സെന്റർ ഫോർ ഫാൽക്കൺസ് സംഘടിപ്പിക്കുന്ന ലേലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഫാൽക്കണർമാർ പങ്കെടുക്കും.
2020 മുതൽ ആരംഭിച്ച ലേലങ്ങളിലൂടെ ഇതുവരെ 455 ഫാൽക്കണുകളുടെ വിൽപ്പനയിൽ നിന്ന് 45.3 മില്യൺ സൗദി റിയാലാണ് കേന്ദ്രം നേടിയത്. കഴിഞ്ഞ വർഷം 40 ഫാൽക്കണുകൾ 6.4 മില്യൺ റിയാലിനാണ് വിറ്റഴിക്കപ്പെട്ടത്.
രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന 'ഷഹീൻ ബഹ്രി' എന്നറിയപ്പെടുന്ന ദേശാടന ഫാൽക്കണുകളെ മാത്രമാണ് ഈ ലേലത്തിൽ ഉൾപ്പെടുത്തുന്നത്. ഫാൽക്കണുകളെ സ്വീകരിക്കുന്നതിനും ലേല കേന്ദ്രത്തിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിനുമായി പ്രത്യേക ഫീൽഡ് ടീമുകളെ രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ട്.
ലേലത്തിനെത്തിക്കുന്ന ഫാൽക്കണർമാർക്ക് താമസവും ഗതാഗതവും രേഖകളും കേന്ദ്രം സൗജന്യമായി നൽകും. റിയാദിൽ നടക്കുന്ന ലേല നടപടികൾ ടെലിവിഷനിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും.
Content Highlights: Saudi Arabia is preparing for its annual falcon auction, which will begin on October 1 and continue until November 30 in Riyadh. The auction is dedicated to locally trapped juvenile peregrine falcons and is expected to attract falconers and enthusiasts from across the Kingdom.