പ്രഥമ ദൃഷ്ട്യാ ഹിറ്റ്മേക്കേഴ്‌സ്; 50 കോടി ക്ലബ്ബിൽ ഇടം നേടി പാർവതി ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'

16 ദിവസങ്ങൾക്ക് ശേഷമാണ് ചിത്രം ലോകമെമ്പാടും 50 കോടിയിലധികം രൂപ കളക്ഷൻ നേടുന്നത്.

പ്രഥമ ദൃഷ്ട്യാ ഹിറ്റ്മേക്കേഴ്‌സ്; 50 കോടി ക്ലബ്ബിൽ ഇടം നേടി പാർവതി ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'
dot image

മലയാള സിനിമയിൽ ഈ അടുത്തിറങ്ങിയ പൊലീസ് ത്രില്ലർ സിനിമയായ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' 50 കോടി ക്ലബ്ബിൽ. പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ എത്തിയ ചിത്രം സെപ്റ്റംബർ 11നാണ് തിയേറ്ററുകളിൽ എത്തിയത്. 16 ദിവസങ്ങൾക്ക് ശേഷമാണ് ചിത്രം ലോകമെമ്പാടും 50 കോടിയിലധികം രൂപ കളക്ഷൻ നേടുന്നത്.

ചിത്രം പുറത്തിറങ്ങിയത് മുതൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. പാർവതിയുടെയും മറ്റ് സഹതാരങ്ങളുടെയും മികച്ച പ്രകടനത്തിന് ജനങ്ങൾ കയ്യടി നൽകിയിരുന്നു. സിനിമ റിലീസായി രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ തിയേറ്ററുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിരുന്നു. മലയാള സിനിമയിൽ അടുത്ത കാലത്ത് വന്ന മികച്ച ത്രില്ലറുകളിൽ ഒന്നാണ് ചിത്രമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. തിരക്കഥയ്ക്കും മേക്കിങ്ങിനും പെർഫോമൻസിനുമെല്ലാം വലിയ കയ്യടികളാണ് ഉയരുന്നത്.

നായികയായ പാർവതി മുതൽ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ മാത്യു തോമസ് അടക്കം ഓരോരുത്തരും തങ്ങളുടെ ഭാഗം ഏറ്റവും ഗംഭീരമായി തന്നെ സ്‌ക്രീനിലെത്തിച്ചു എന്നാണ് കമന്റുകൾ. വിജയരാഘവൻ, ഉണ്ണിമായ, സിദ്ധാർത്ഥ് ഭരതൻ, വിനയ് ഫോർട്ട് എന്നിവരുടെ പ്രകടനവും സിനിമയെ ശക്തമാക്കുന്നു എന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.

11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. മുജീബ് മജീദ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. പി എസ് സുബ്രമണ്യനും വിജേഷ് തോട്ടിങ്ങലുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Content Highlights: Pradhama Drishtya Kuttakar movie has crossed 50 cr

dot image
To advertise here,contact us
dot image