

നടൻ ധനുഷ് നായകനാകുന്ന 56ാം ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. D56 എന്നാണ് താൽക്കലികമായി ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ലബ്ബർപന്ത് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ തമിഴരസൻ പച്ചമുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രീതി മുകുന്ദനാണ് നായികയായി എത്തുന്നത്.
ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷത്തിലെത്തുന്നത് നടൻ വടിവേലുവാണ്. വടിവേലുവും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഇരുവരും തമ്മിൽ ചില തർക്കങ്ങളുണ്ടെന്നും അതുകൊണ്ടാണ് ഇത്രയും നാളായി ഒന്നിച്ച് അഭിനയിക്കാതിരുന്നത് എന്നാണ് തമിഴ് സിനിമാമേഖലയിൽ ഉണ്ടായിരുന്ന അഭ്യൂഹം.
ധനുഷ് നായകനായി 2009ൽ പുറത്തിറങ്ങിയ 'പഠിക്കാത്തവൻ' എന്ന ചിത്രത്തിൽ അഭിനയിക്കാനിരുന്ന വടിവേലു അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സിനിമ ഉപേക്ഷിച്ചു എന്നായിരുന്നു അന്ന് റിപ്പോർട്ടുകൾ. വടിവേലു ചെയ്യാനിരുന്ന റോൾ പിന്നീട് വിവേകാണ് ചെയ്തത്. ആ തർക്കമാണ് ഇരുവരും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണമായത് എന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു.
ധനുഷിനും തനിക്കുമിടയില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങളെ കുറിച്ച് പുതിയ സിനിമയുടെ പൂജാച്ചടങ്ങിൽ വെച്ച് വടിവേലു മനസ് തുറന്ന് സംസാരിച്ചു. മൂന്നാമതൊരാൾ കാരണമാണ് തങ്ങൾ രണ്ട് പേർക്കുമിടയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായത് എന്നാണ് വടിവേലു പറഞ്ഞു.
'ഏറെ നാളുകൾക്ക് ശേഷമാണ് എനിക്ക് ധനുഷ് സാറിനൊപ്പം വർക്ക് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും ഗ്യാപ്പ് വന്നത്, എന്തുകൊണ്ടാണ് നേരത്തെ ഒരുമിച്ച് പടങ്ങളൊന്നും ചെയ്യാതിരുന്നത് എന്ന് നിങ്ങൾ ചോദിച്ചേക്കാം. മറ്റൊരാൾ ഞങ്ങൾക്കിടയിൽ ചില തെറ്റിദ്ധാരണകളുണ്ടാക്കിയിരുന്നു. അതെല്ലാം ഇപ്പോൾ മാറി,' വടിവേലു പറഞ്ഞു.
D56 ഒരു പൊളിറ്റിക്കൽ സിനിമയല്ലെന്നും വടിവേലു വ്യക്തമാക്കി. ഈ സിനിമയുടെ കഥ കേട്ടപ്പോൾ തനിക്ക് സന്തോഷവും അത്ഭുതവും ഒരുപോലെ തോന്നിയെന്നും അദ്ദേഹം പറഞ്ഞു. സിനിമ സൂപ്പർഹിറ്റാകുമെന്ന് ഉറപ്പാണെന്നും വടുവേലു കൂട്ടിച്ചേർത്തു.
Content Highlights: Vadivelu opens about the issues with Dhanush. He says a third person created misunderstandings between them. They are joining for the first time in D56