ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകും; സൗദിയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

വ്യാഴാഴ്ചയോടെ മഴയുടെ ശക്തി വീണ്ടും വർദ്ധിക്കുമെന്നാണ് പ്രവചനം

ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകും; സൗദിയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
dot image

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ വരും ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ തെക്കൻ മേഖലകളിലും തലസ്ഥാന നഗരി ഉൾപ്പെടുന്ന റിയാദിലും മക്കയിലും വരും ദിവസങ്ങളിൽ മഴ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെ അസീറിന്റെ തെക്കൻ, വടക്കുപടിഞ്ഞാറൻ മേഖലകളിൽ മിതമായ തോതിൽ മഴ ശക്തമാകും. ബുധനാഴ്ച ഉച്ചയോടെ മഴ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും. അസീറിലെ പ്രമുഖ നഗരമായ അബഹയിലും പരിസര പ്രദേശങ്ങളിലും മിതമായ മഴ പെയ്യുമ്പോൾ, റിയാദ് പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും മക്ക പ്രവിശ്യയിലെ ത്വായിഫിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ച രാത്രിയോടെ ജസാനിലും പരിസര പ്രദേശങ്ങളിലും ഫറസാൻ ദ്വീപുകളിലും മഴയെത്തും.

വ്യാഴാഴ്ചയോടെ മഴയുടെ ശക്തി വീണ്ടും വർദ്ധിക്കുമെന്നാണ് പ്രവചനം. വ്യാഴാഴ്ച രാവിലെ അസീറിന്റെ തെക്കൻ മേഖലകളിൽ ആരംഭിക്കുന്ന മഴ പിന്നീട് ശക്തമായ തോതിൽ അസീറിന്റെ വടക്കൻ ഭാഗങ്ങളിലേക്കും നജ്‌റാൻ, റിയാദ് പ്രവിശ്യയുടെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും വ്യാപിക്കും. ഉച്ചയ്ക്ക് ശേഷം ജസാന്റെ കിഴക്കൻ മേഖലകളിലും അസീറിലും അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴ തുടരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അബഹ ഉൾപ്പെടെയുള്ള അസീർ മേഖലകളിൽ വീണ്ടും ശക്തമായ മഴ പെയ്യും. ശനിയാഴ്ച ഉച്ചയോടെ അസീറിന്റെ തെക്കൻ ഭാഗങ്ങളിലും ജസാന്റെ തെക്കുകിഴക്കൻ മേഖലകളിലും നജ്‌റാന്റെ ചില ഭാഗങ്ങളിലും മഴ പെയ്ത ശേഷം രാത്രിയോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. മഴയുള്ള സമയങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Content Highlights: Saudi Arabia is likely to experience heavy rain accompanied by thunderstorms and strong winds in the coming days. Authorities have advised residents to remain cautious and follow official weather advisories as unstable weather conditions are expected.

dot image
To advertise here,contact us
dot image