'കള്ളൻ വിജയൻ' തലക്കെട്ടിൽ പ്രശ്നമുള്ളതായി തോന്നുന്നില്ല, ഫീച്ചറിൽ പാർട്ടി വിരുദ്ധത ഇല്ല; മറുപടി നൽകി കെആർ അജയൻ

തെറ്റ് പറ്റിയതായി തോന്നുന്നുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും വിശദീകരണ നോട്ടീസിന് നല്‍കിയ മറുപടിയില്‍ പറയുന്നു

'കള്ളൻ വിജയൻ' തലക്കെട്ടിൽ പ്രശ്നമുള്ളതായി തോന്നുന്നില്ല, ഫീച്ചറിൽ പാർട്ടി വിരുദ്ധത ഇല്ല; മറുപടി നൽകി കെആർ അജയൻ
dot image

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ മറുപടി നല്‍കി ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍. കള്ളന്‍ വിജയന്‍ ഫീച്ചറില്‍ പാര്‍ട്ടി വിരുദ്ധത ഇല്ലെന്നും തലക്കെട്ടില്‍ പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നുമായിരുന്നു അജയന്റെ മറുപടി.
ഏറ്റവും മികച്ചത് എന്ന നിലയിലാണ് 'കള്ളന്‍ വിജയന്‍, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ' എന്ന തലക്കെട്ട് നല്‍കിയത്. തെറ്റ് പറ്റിയതായി തോന്നുന്നുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും വിശദീകരണ നോട്ടീസിന് നല്‍കിയ മറുപടിയില്‍ പറയുന്നു.

വിഷയത്തിൽ പാര്‍ട്ടി നേതൃത്വം ഇടപെടുകയും കെ ആര്‍ അജയന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. നാല് മണിക്ക് മുന്‍പ് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇത് പ്രകാരമാണ് അജയന്റെ മറുപടി വന്നിരിക്കുന്നത്. ഞായറാഴ്ച ദേശാഭിമാനി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാർട്ടി ഇടപെടൽ.

സാധാരണ നിലയില്‍ ഞായറാഴ്ച പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ടതാണ് വാരാന്തപ്പതിപ്പ്. എന്നാല്‍ ഇന്നലെ വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയില്ല. അച്ചടിച്ച ശേഷമായിരുന്നു വാരാന്തപ്പതിപ്പ് പുറത്തിറക്കാതിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ വി എസ് അച്യുതാനന്ദന്റെ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട ലേഖനമാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്ന് വാര്‍ത്തകള്‍ ഉയര്‍ന്നു. ഇതോടെ വാരാന്തപ്പതിപ്പില്‍ 'കള്ളന്‍ വിജയന്‍' എന്ന തലക്കെട്ടോടെ അച്ചടിച്ച ലേഖനമാണ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്ന് ദേശാഭിമാനി വിശദീകരിച്ചു. അനൗദ്യോഗികമായായിരുന്നു വിശദീകരണം.

ഇതിന് പിന്നാലെ പ്രതികരിച്ച് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ കൂടിയായ സിപിഐഎം മുതിര്‍ന്ന നേതാവ് എം സ്വരാജ് രംഗത്തെത്തി. വിവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്നുമാണ് സ്വരാജ് പറഞ്ഞത്. വിഎസിനെ പോലെ ഒരാളെ ഇത്തരം വിവാദങ്ങളുടെ പേരില്‍ വലിച്ചിഴയ്ക്കരുത്. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ല എന്നത് വസ്തുതയാണ്. സാങ്കേതിക പ്രശ്‌നം മൂലമാണ് അച്ചടിക്കാതിരുന്നത്. ഒരു യൂണിറ്റില്‍ സ്വകാര്യ പ്രസ്സില്‍ നിന്നാണ് പത്രം അച്ചടിക്കുന്നത്. അവിടെ യന്ത്രത്തകരാര്‍ ഉണ്ടായതോടെ സമയബന്ധിതമായി പത്രം അച്ചടിക്കുന്നതില്‍ പ്രശ്‌നമുണ്ടാകുകയായിരുന്നു. വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാര്‍ത്തയാണ് ചിലരൊക്കെ നല്‍കിയതെന്നും കള്ളന്‍ വിജയന്‍ എന്ന പേരില്‍ ഒരു ലേഖനം ദേശാഭിമാനിയില്‍ ഇല്ലെന്നും എം സ്വരാജ് പറഞ്ഞിരുന്നു.

എന്നാൽ എം സ്വരാജിന്റെ അവകാശവാദത്തിനെതിരെ നാടക പ്രവര്‍ത്തകന്‍ വിജയന്‍ രംഗത്തെത്തി. ഫീച്ചര്‍ ചെയ്യുന്നതിനായി ദേശാഭിമാനിയില്‍ നിന്നും രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് മടങ്ങിയതെന്നും വിജയന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'കള്ളന്‍ വിജയന്‍ ധന്യ നാടകഗ്രാമം, മുത്തിപ്പാറ പിഒ' എന്ന പേരില്‍ വാരാന്ത്യപ്പതിപ്പിന്റെ അവസാനപേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് പുല്ലമ്പാറയിലുള്ള ഒരു നാടക ഗ്രാമത്തേയും അതിന്റെ ഉടമ എസ് വിജയകുമാറിനേയും കുറിച്ചാണ്. നാട്ടില്‍ കള്ളന്‍ വിജയന്‍ എന്ന പേരിലാണ് എസ് വിജയന്‍ അറിയപ്പെട്ടത്.

'ഒരാഴ്ചയാവും വന്നിട്ട്. രണ്ടുപേരാണ് വന്നത്. എന്നോട് കാര്യങ്ങളെല്ലാം തിരക്കുകയും ഞാന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. ഫോട്ടോ ആവശ്യപ്പെട്ടിരുന്നു. രണ്ടുദിവസത്തിനിടെ അതും അയച്ചുകൊടുത്തു. ഗ്രൂപ്പ് ഫോട്ടോയാണ് അയച്ചുകൊടുത്തത്', എസ് വിജയന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇതോടെ ദേശാഭിമാനി എസ് വിജയന്റെ ജീവിതം ലേഖനമാക്കാനുള്ള ശ്രമം നടത്തിയിരുന്നതായി വ്യക്തമായിരുന്നു.

Content Highlights: K R Ajayan Responds to Deshabhimani Weekend Edition Controversy

dot image
To advertise here,contact us
dot image