

2060-ഓടെ രാജ്യം പൂർണ്ണമായും കാർബൺ രഹിതമാക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് ബഹ്‌റൈൻ ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളെ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് സർവ്വീസുകളിലേക്ക് മാറ്റുന്നതിനുള്ള തയാറെടുപ്പുകൾ അധികൃതർ ഊർജ്ജിതമാക്കി. പൊതുബസ് ഡിപ്പോ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്‌പോർട്ട് ആൻഡ് പോസ്റ്റ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുള്ള അൽ സായെൻ ആണ് ബഹ്‌റൈന്റെ ഹരിത ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.
പരിസ്ഥിതി സംരക്ഷണത്തിനൊപ്പം പൊതുഗതാഗത ശൃംഖല കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കുകയാണ് ബഹ്‌റൈന്റെ ലക്ഷ്യം. നിലവിൽ രാജ്യത്തെ പൊതുബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും വിശ്വസനീയമായ സേവനം നൽകാൻ ബഹ്‌റൈനിലെ ഗതാഗത സംവിധാനത്തിന് സാധിക്കുന്നുണ്ടെന്നും, ഇലക്ട്രിക് ബസുകളിലേക്കുള്ള മാറ്റം ഇതിന്റെ കാര്യക്ഷമത ഇരട്ടിയാക്കുമെന്നും അണ്ടർസെക്രട്ടറി കൂട്ടിച്ചേർത്തു.
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഈ സുപ്രധാന മാറ്റത്തിനായി അന്താരാഷ്ട്ര കമ്പനികളുടെ വൈദഗ്ധ്യവും ബഹ്‌റൈൻ പ്രയോജനപ്പെടുത്തുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആഗോള പൊതുഗതാഗത ഓപ്പറേറ്ററായ 'മൊബിക്കോ ഗ്രൂപ്പിന്റെ' പ്രവർത്തന പരിചയമാണ് ഇതിനായി ഉപയോഗിക്കുക. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് ബസ് ഡിപ്പോകളെ ഇലക്ട്രിക് പവർ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും ശുദ്ധമായ ഊർജ്ജം ഉപയോഗിക്കുന്ന വാഹന സാങ്കേതികവിദ്യ വിന്യസിക്കുന്നതിനുമുള്ള ചർച്ചകൾ ബഹ്‌റൈൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി എക്സിക്യൂട്ടീവ് മാനേജ്‌മെന്റുമായി നടത്തിക്കഴിഞ്ഞു.
Content Highlights: Bahrain has announced an ambitious strategy to achieve net-zero carbon emissions by 2060. As part of the initiative, the country plans to convert its entire public bus network to electric buses, supporting sustainable and environmentally friendly transportation.