ഹോര്‍മൂസ് കടലിടുക്കില്‍ സൗദി, ഖത്തര്‍ കപ്പലുകള്‍ക്കുനേരെ ആക്രമണം; പിന്നില്‍ ഇറാനാണെന്ന് സൗദി അറേബ്യ

സമുദ്രപാതകളുടെ സുരക്ഷയും കപ്പല്‍ ഗതാഗതത്തിന്റെ സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സൗദി ചൂണ്ടിക്കാട്ടി

ഹോര്‍മൂസ് കടലിടുക്കില്‍ സൗദി, ഖത്തര്‍ കപ്പലുകള്‍ക്കുനേരെ ആക്രമണം; പിന്നില്‍ ഇറാനാണെന്ന് സൗദി അറേബ്യ
dot image

ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കപ്പലായ വാദിയാന്‍, ഖത്തര്‍ കപ്പലായ അല്‍ റഖയ്യാത്ത് എന്നിവയ്ക്കുനേരെ ഉണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദി അറേബ്യ ആരോപിച്ചു. സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സമുദ്രസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ നടന്ന ആക്രമമാണ് നടന്നിട്ടുള്ളതെന്നും സൗദി അറേബ്യ പറഞ്ഞു. സൗദി, ഖത്തര്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ഇത്തരം ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇത് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സമുദ്രപാതകളുടെ സുരക്ഷയും കപ്പല്‍ ഗതാഗതത്തിന്റെ സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സൗദി ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങള്‍ ആഗോള വ്യാപാരത്തെയും ഊര്‍ജ വിതരണ ശൃംഖലയെയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.ഹോര്‍മുസ് മേഖലയിലെ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന നടപടികള്‍ ഒഴിവാക്കണമെന്നും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സൗദി വ്യക്തമാക്കി. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് നിര്‍ണായക സമുദ്രപാതകയായ ഹോര്‍മുസിന് സുരക്ഷ ഉറപ്പാക്കുന്നതിനും വ്യാപാര പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നതിനുമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകളില്‍ സൗദി അറേബ്യന്‍ പ്രതിനിധി സംഘം ടെഹ്റാനില്‍ എത്തിയിരുന്നു. ഇത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള പുതിയ നയതന്ത്ര നീക്കങ്ങളുടെ സൂചനയാണെന്നായിരുന്നു വിലയിരുത്തല്‍. എന്നാൽ ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ആക്രമണം നടന്നിരിക്കുന്നത്.

Content Highlight: Saudi Arabia has alleged that Iran was responsible for attacks on Saudi and Qatar vessels in the Strait of Hormuz

dot image
To advertise here,contact us
dot image