

ഇന്ന് പുലർച്ചെയുണ്ടായ വ്യോമാക്രമണത്തിൽ കുവെെറ്റിലെ ചിലയിടങ്ങളിൽ വെെദ്യുതി ലെെനുകൾക്ക് കോടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ സേവനങ്ങൾക്ക് തടസമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. കുവെെറ്റിലെ ചില ഓവര്‍ഹെഡ് വൈദ്യുതി ട്രാന്‍സ്മിഷന്‍ ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി കുവൈറ്റ് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു.
ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണ് ഈ കേടുപാടുകള്‍ സംഭവിച്ചത്. എന്നാല്‍ മന്ത്രാലയത്തിന്റെ സേവനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുമായി സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ച് അടിയന്തര പ്രതികരണ സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.
ഇന്ന് രാവിലെയായിരുന്നു ഇറാന്റെ ഭാഗത്തുനിന്നും വ്യോമാക്രമണം ഉണ്ടായത്. കുവൈറ്റില്‍ വീണ്ടും വ്യോമാക്രമണ ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകട സൈറണുകള്‍ മുഴങ്ങി. സൈറൺ മുഴങ്ങിയതിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പൂർണ്ണമായ ശാന്തത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരുന്നു. സുരക്ഷ മുൻനിർത്തി എല്ലാവരും എത്രയും വേഗം തൊട്ടടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മന്ത്രാലയം നിർദേശിച്ചിരുന്നു.
ശത്രുക്കളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കേട്ട സ്‌ഫോടന ശബ്ദങ്ങള്‍ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തത് മൂലമാണെന്ന് ആര്‍മി ജനറല്‍ സ്റ്റാഫ് അറിയിച്ചു.
നിലവിലെ സാഹചര്യം സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയോടെയും സൂക്ഷ്മമായും നിരീക്ഷിച്ചുവരികയാണ്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും പൂര്‍ണ്ണമായ ശാന്തത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് തകര്‍ന്നുവീഴുന്ന അവശിഷ്ടങ്ങള്‍ക്ക് അടുത്തേക്ക് പോകരുതെന്നും സുരക്ഷാ മന്ത്രാലയങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സുരക്ഷാ ഏജന്‍സികള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അനാവശ്യമായ ആശങ്കകള്‍ ഒഴിവാക്കാന്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlight: Kuwait's Ministry said some power lines were damaged during an attempted air attack, but confirmed that essential services remain unaffected