

സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'കറുപ്പ്'. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മുടങ്ങിയത് ആരാധകരെ ആകെ നിരാശയിലാക്കിയിരിക്കുകയാണ്. സിനിമയുടെ റിലീസ് മുടങ്ങിയതിന് പിന്നാലെ മാപ്പ് ചോദിച്ചെത്തിയിരിക്കുകയാണ് സംവിധായകന്‍ ആര്‍ ജെ ബാലാജി. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ഡ്രീം വാരിയേഴ്സ് പിക്ചേര്‍സിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് റിലീസ് മുടങ്ങിയത്.
ഇപ്പോഴിതാ സൂര്യയുടെ തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്ന ആരാധകരോട് മാപ്പ് പറഞ്ഞ് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സംവിധായകന്‍ ആര്‍ജെ ബാലാജി.'എല്ലാ ആരാധകരോടും മാപ്പ് ചോദിക്കുന്നു. ഇത് സംഭവിക്കാന്‍ പാടുള്ളതായിരുന്നില്ല. സിനിമ കാണാന്‍ അത്രയും ദൂരം യാത്ര ചെയ്ത് രാവിലെ ഒമ്പത് മണിയ്ക്ക് തിയേറ്ററില്‍ എത്തിയ തമിഴ്നാട്, കേരളം, ആന്ധ്ര എന്നിവടങ്ങളിലെ പ്രിയപ്പെട്ടവരോട് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.
സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു ഇത്. എല്ലാവരും സിനിമ കാണാന്‍ പോകുന്നത് തന്നെ ജീവിതത്തിലേയും ജോലി സ്ഥലത്തിലേയും ടെന്‍ഷന്‍ മറക്കാനാണ്. ആ സിനിമ കാണുന്നത് തന്നെ ഒരു സ്ട്രെസ് ആയിമാറിയതില്‍ ഞാന്‍ വീണ്ടും ക്ഷമ ചോദിക്കുന്നു. ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് വൈകുന്നേരം ആറ് മണിയോട് പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടുകയും സിനിമ റിലീസ് ചെയ്യാനാകുമെന്നും പ്രതീക്ഷിക്കുന്നു.
സിനിമ ഇന്ന് റിലീസാകും, ബ്ലോക്ബസ്റ്ററാകും എന്ന് ഞാന്‍ മാനിഫെസ്റ്റ് ചെയ്തിരുന്നു. എന്റെ കണ്ണുകള്‍ നിറയുന്നുണ്ട്്. വേദനയുണ്ട്. അത് വേറെ ഡിപ്പാര്‍ട്ട്മെന്റാണ്. ദൈവം എല്ലാത്തില്‍ നിന്നും രക്ഷിച്ചെടുത്ത്, എല്ലാ പ്രശ്നവും പരിഹരിച്ച് വൈകുന്നേരത്തോടെ സിനിമ റിലീസാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും അതിനായി ശ്രമിക്കുകയാണ്. സൂര്യ സാര്‍ അടക്കം ഒരുപാട് പേര്‍ ഇതിനായി വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്.
ഈ കാലതാമസ്സത്തിനും നിങ്ങള്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ക്കും ക്ഷമ ചോദിക്കുന്നു. പക്ഷെ ഇതിനെല്ലാം അര്‍ത്ഥമുണ്ടാകും. ഇന്ന് വൈകുന്നേരം സിനിമ എത്തും, അത് ഗംഭീരമായിരിക്കും. നിങ്ങള്‍ക്ക് അത് ഇഷ്ടപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ പറയാറുള്ളതുപോലെ 'കറുപ്പ് വരും'. വഴി മറക്കില്ല. ഇപ്പോഴും ഒരുപാട് പേര്‍ തടസ്സങ്ങള്‍ ഉണ്ടാക്കുന്നുണ്ട്, ഒരുപാട് കാര്യങ്ങള്‍ മറയ്ക്കപ്പെടുന്നുണ്ട്. എങ്കിലും എല്ലാത്തിനെയും മറികടന്ന് ഇന്ന് വൈകുന്നേരം സിനിമ എത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവം കൂടെയുണ്ട്, എല്ലാം ശുഭമായി ഭവിക്കും. സിനിമ നല്ലതായിരിക്കും, നിങ്ങള്‍ക്കത് ഇഷ്ടപ്പെടും. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. നന്ദി- എന്നാണ് ബാലാജി പറഞ്ഞത്.
Content Highlights: Director RJ Balaji apologizes for delaying Karuppu's release