

ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലന്‍- ദി ബോയ്' എന്ന ചിത്രത്തിന്റെ കാന്‍സ് മാര്‍ക്കറ്റിങ് പ്രീമിയര്‍ ഇന്ന് നടക്കും. 2026 ജൂണ്‍ 19 നു ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ മാര്‍ക്കറ്റിങ് സ്‌ക്രീനിംഗ് ആണ് കാന്‍സില്‍ നടക്കുക. ഇപ്പോഴിതാ, കാന്‍സിലെ പ്രൊഡ്യൂസഴ്‌സ് ക്ലബില്‍ വെച്ച് പ്രശസ്ത സംവിധായകന്‍ പാന്‍ നളിനുമായുള്ള, ചിദംബരം, ശൈലജ ദേശായി ഫെന്‍ എന്നിവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഗുജറാത്തില്‍ നിന്നുള്ള ഇന്ത്യന്‍ സംവിധായകനായ പാന്‍ നളിന്‍ തന്റെ ഒരുപിടി ഗംഭീര ചിത്രങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ ഫിലിം മേക്കറാണ്. സംസാര (2001) , വാലി ഓഫ് ഫ്‌ലവേഴ്‌സ് (2006), ആംഗ്രി ഇന്ത്യന്‍ ഗോഡെസസ് (2015), സെമി-ഓട്ടോബയോഗ്രാഫിക്കല്‍ ചിത്രമായ ചെല്ലോ (2021) തുടങ്ങിയ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ സിനിമകള്‍ സംവിധാനം ചെയ്തതിലൂടെയാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്.
അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'സംസാര', ഡര്‍ബന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ആദ്യ ഫീച്ചര്‍ ഫിലിം, എഎഫ്‌ഐ ഫെസ്റ്റില്‍ 'ഗ്രാന്‍ഡ് ജൂറി പ്രൈസ്-സ്‌പെഷ്യല്‍ മെന്‍ഷന്‍', സാന്റാ ബാര്‍ബറ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്, 2002 ല്‍ മെല്‍ബണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'മോസ്റ്റ് പോപ്പുലര്‍ ഫീച്ചര്‍ ഫിലിം' തുടങ്ങിയ അവാര്‍ഡുകള്‍ നേടി. അതിനുശേഷം ഇന്ത്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുഎസ്എ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് നിര്‍മ്മിച്ച ഫിക്ഷന്‍, നോണ്‍-ഫിക്ഷന്‍ ചിത്രങ്ങളുമായി പാന്‍ നളിന്‍ ലോകം മുഴുവന്‍ ശ്രദ്ധ നേടിയെടുത്തു. അദ്ദേഹത്തിന്റെ 'ചെല്ലോ ഷോ' എന്ന ചിത്രമായിരുന്നു 2023 ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി എന്നതും ശ്രദ്ധേയമാണ്. നൂതനവും വളരെ വ്യത്യസ്തവുമായ ദൃശ്യ- ശ്രവ്യ ഡിസൈനുകളിലൂടെ തന്റേതായ ഒരു ശൈലി ഫിലിം മേക്കിങ്ങിലും കഥ പറച്ചിലിലും സൃഷ്ടിച്ചെടുത്ത സംവിധായകന്‍ കൂടിയാണ് പാന്‍ നളിന്‍.
കാന്‍സ് ഫിലിംസ് ഫെസ്റ്റിവലില്‍ വെച്ച് അദ്ദേഹത്തെ കാണാന്‍ സാധിച്ചതും, കുറച്ചു സമയം സംവദിക്കാന്‍ സാധിച്ചതും 'ബാലന്‍' ടീമിന് എന്നും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന കുറച്ചു നിമിഷങ്ങളാണ് സമ്മാനിച്ചത്. ലോകമെമ്പാടും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള കഥയാണ് 'ബാലന്‍ ദി ബോയ് പറയുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്. ആകര്‍ഷകമായ ഒരു കഥയുടെയും ശക്തവും സൃഷ്ടിപരവുമായ ഒരു കാഴ്ചപ്പാടിന്റെയും പിന്‍ബലത്തില്‍, ഐഡന്റിറ്റി, അതിജീവനം, ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള എന്നും നിലനില്‍ക്കുന്ന ബന്ധം എന്നിവയുടെ തീമുകള്‍ പര്യവേക്ഷണം ചെയ്യുന്ന ഒരു സിനിമാനുഭവമായിരിക്കും ബാലന്‍ ദി ബോയ് വാഗ്ദാനം ചെയ്യുക. പാന്‍ നളിന്‍ ഉള്‍പ്പെടെയുള്ള, അന്താരാഷ്ട്ര സിനിമാ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു പ്രേക്ഷക സമൂഹത്തിന്റെ മുന്നിലാണ് കാന്‍സിലെ മാര്‍ക്കറ്റിങ് സ്‌ക്രീനിങ്ങിലൂടെ ചിത്രം എത്താനൊരുങ്ങുന്നത്. കെ വി എന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത സംവിധായകന്‍ ജിത്തു മാധവന്‍ ആണ് ബാലന്‍ രചിച്ചിരിക്കുന്നത്.
മലയാളം കൂടാതെ പാന്‍ ഇന്ത്യന്‍ റിലീസായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം ജൂണ്‍ 19 ന് പ്രദര്‍ശനത്തിന് എത്തും. ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിന്‍ ശ്യാം. എഡിറ്റര്‍- വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍/ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍- ഇന്ദുലാല്‍ കാവീട്, ഓഡിയോഗ്രഫി - ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ് - സുപ്രീത്, ധവല്‍ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസ്സോസിയേറ്റ് ഡിറക്ടര്‍സ്- ബിനു ബാലന്‍, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യര്‍, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്സ്, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Balan team up with world-renowned director Pan Nalin at cannes