

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള പ്രതിസന്ധിക്കിടയിലും ജീവനക്കാര്‍ വമ്പന്‍ ബോണസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. 20 ആഴ്ചത്തെ ശമ്പളമാണ് ഇത്തവണ ബോണസ് ആയി നല്‍കുക. 2025-2026 സാമ്പത്തിക വര്‍ഷത്തിലെ റെക്കോര്‍ഡ് പ്രകടനത്തിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം.
ജീവനക്കാര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ എന്നും മുന്നിലാണ് ദുബായുടെ മുന്‍നിര വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. കഴിഞ്ഞ വര്‍ഷത്തെ റെക്കോഡ് പ്രകടനത്തിന്റെയും നേട്ടത്തിന്റെയും ഭാഗമായി ജീവനക്കാര്‍ക്ക് 20 ആഴ്ചത്തെ ശമ്പളം ഇത്തവണ ബോണസ് ആയി നല്‍കാനാണ് തീരുമാനം. എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സാഈദ് അല്‍ മക്തൂം ജീവനക്കാര്‍ക്ക് അയച്ച കത്തിലൂടെയാണ് ബോണസ് വിവരം അറിയിച്ചത്.
2026 മാര്‍ച്ച് ഓര്‍മയിലേക്ക് മറയുമെങ്കിലും നിങ്ങളുടെ ധൈര്യവും അസാധാരണമായ പ്രതിരോധശേഷിയും ഞങ്ങള്‍ ഒരിക്കലും മറക്കില്ല എന്ന് ചെയര്‍മാന്റെ സന്ദേശത്തില്‍ പറയുന്നു. ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമായ കാലഘട്ടത്തില്‍ പ്രതിബദ്ധതയോടെയും ആവേശത്തോടെയും ജോലിക്കായി ഹാജരായ നിങ്ങളോട് എന്നും കടപ്പാടുണ്ടാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. ടാക്സ് ഉള്‍പ്പെടെ 24.4 ബില്യണ്‍ ദിര്‍ഹമാണ് എമിറേറ്റസിന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭം.
മുന്‍വര്‍ഷത്തെക്കാള്‍ ഏഴ് ശതമാനമാണ് വര്‍ദ്ധന. ആകെ വരുമാനം മൂന്ന് ശതമാനം കൂടി 150.5 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. ക്യാഷ് അസറ്റുകളുടെ മൂല്യം 59.6 ബില്യണ്‍ വരും. എമിറേറ്റ്സ് എയര്‍ലൈന് പുറമെ കാര്‍ഗോ, കാറ്ററിംഗ്, ട്രാവല്‍, റീട്ടെയില്‍ തുടങ്ങിയ മേഖലകളിലും എമിറേറ്റസ് ഗ്രൂപ്പിന് ഉപവിഭാഗങ്ങളുമുണ്ട്. ദുബായിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളിലൊന്നാണ് എമിറേറ്റ്സ് ഗ്രൂപ്പ്. 130,919 ജീവനക്കാരാണ് ഇപ്പോള്‍ എമിറേറ്റസ് ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 35 ലക്ഷം അപേക്ഷകളില്‍ നിന്ന് 3,90,000 പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് 9,700-ലധികം പേരെ നിയമിച്ചിരുന്നു. പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് ശേഷം ഭൂരിഭാഗം ലക്ഷ്യസ്ഥാനങ്ങളിലേക്കും എമിറേറ്റസ് സര്‍വീസ് ഇതിനകം പുനരാരംഭിച്ചിട്ടുണ്ട്.
Content Highlights: Emirates Airlines has announced a major bonus for its employees despite ongoing global challenges in the aviation sector. The airline said the decision reflects appreciation for staff dedication and the company’s strong financial performance.