സൗദിയില്‍ പാര്‍ക്കിലെ റൈഡ് തകര്‍ന്ന് വീണ് അപകടം; 23 പേര്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

ആകാശ സ്പിന്‍ പെന്‍ഡുലം തകര്‍ന്നു വീണാണ് അപകടം

dot image

സൗദി അറേബ്യയിലെ തായിഫില്‍ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ അപകടത്തില്‍ 23 പേര്‍ക്ക് പരിക്ക്. ആകാശ സ്പിന്‍ പെന്‍ഡുലം തകര്‍ന്നു വീണാണ് അപകടം. ബുധനാഴ്ചയാണ് അപകടമുണ്ടായത്. 3 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഹദ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ മൗണ്ടന്‍ പാര്‍ക്കിലാണ് അപകടമുണ്ടായത്.

23 പേര്‍ക്ക് ഇരിക്കാവുന്ന അപ്‌സൈഡ് ഡൗണ്‍ പെന്‍ഡുലമാണ് തകര്‍ന്നു വീണത്. പെന്‍ഡുലത്തിന്റെ മധ്യഭാഗത്തെ സപ്പോര്‍ട്ട് പോള്‍ രണ്ടായി ഒടിഞ്ഞുവീണതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ആളുകള്‍ ഇരുന്ന ഭാഗം താഴേക്ക് പതിക്കുകയായിരുന്നു. പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

അപകത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സ്, രക്ഷാപ്രവര്‍ത്തക സംഘങ്ങളും സ്ഥലത്തെത്തി പരിക്കേറ്റവരെ തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

അറബ് ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, തായിഫ് ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് അമ്യൂസ്‌മെന്റ് പാര്‍ക്ക് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Pendulum ride snaps mid-air at Saudi Arabia’s amusement park, injures 23

dot image
To advertise here,contact us
dot image