
കുവൈത്തിലെ വിസ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങള്‍ വരുന്നു. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുളള സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് അടക്കമുളള മാറ്റങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കാനൊരുങ്ങുന്നത്. കുവൈത്തിനെ പ്രധാന വിനോദസഞ്ചാര-വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിസ നിയമങ്ങളില്‍ വലിയ തോതിലുളള പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറെടുക്കുന്നത്.
കുടുംബ സംഗമങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്ന രീതിയിലാണ് പരിഷ്‌ക്കാരങ്ങള്‍. കുടുംബ സന്ദര്‍ശന വിസകള്‍ തുടക്കത്തില്‍ മൂന്ന് മാസത്തേക്ക് അനുവദിക്കും. പിന്നീട് ഇത് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ നീട്ടി നല്‍കാനാണ് ആലോചന. സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുന്നതിനായി സര്‍വകലാശാല ബിരുദം വേണമെന്ന നിബന്ധനയും ഒഴിവാക്കും.
മറ്റ് രാജ്യങ്ങളിലുള്ള മലയാളികള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ആഭ്യന്തര മന്ത്രാലത്തിന്റെ പുതിയ തീരുമാനം. സന്ദര്‍ശകര്‍ക്ക് കുവൈത്തി വിമാനക്കമ്പനികള്‍ക്ക് പുറമേ മറ്റ് അന്താരാഷ്ട്ര എയര്‍ലൈന്‍സുകള്‍ വഴിയും യാത്ര ചെയ്യാനാകും. സന്ദര്‍ശക വിസയുമായി ബന്ധപ്പെട്ട പുതുക്കിയ ഫീസ് ഘടന ഉടന്‍ മന്ത്രിസഭ അംഗീകാരം നല്‍കുമെന്നാണ് സൂചന.
പുതിയ വിസമാറ്റങ്ങളിലൂടെ മിഡില്‍ ഈസ്റ്റിലെ എയര്‍ലൈന്‍സുകള്‍ക്കും മറ്റ് വിദേശ എയര്‍ലൈന്‍സുകള്‍ക്കും കുവൈത്തിലെ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു. വിസാ നിയമങ്ങളിലെ മാറ്റങ്ങള്‍ നിലവില്‍ വരുന്നതോടെ മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ കുവൈത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇത് രാജ്യത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് കാരണമാകുമെന്നും ആഭ്യന്തര മന്ത്രാലയം കണക്കുകൂട്ടുന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹിന്റെ നേതൃത്വത്തിലാണ് വിസാ പരിഷ്‌കാര നടപടികള്‍ പുരോഗമിക്കുന്നത്.
Content Highlights: Visitor visa valid for up to one year in Kuwait